കൂത്താട്ടുകുളം തിരുമാറാടി– ആറൂർ റോഡിന്റെ മണ്ണത്തൂർ പള്ളിക്കവല മുതൽ തട്ടേക്കാട് വരെയുള്ള ഭാഗം പൂർണ്ണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ. യാതൊരു കുഴപ്പവുമില്ലാതിരുന്ന ഈ പാത, റീടാറിങ് ജോലികളുടെ ഭാഗമായി കുത്തിപ്പൊളിച്ചതോടെയാണ് മാസങ്ങളായി ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുന്നത്.
മണ്ണത്തൂർ പള്ളിക്കവല മുതൽ തട്ടേക്കാട് വരെയുള്ള ഒന്നേകാൽ കിലോമീറ്റർ ദൂരത്തിലുള്ള റോഡിന് യാതൊരു തകരാറുമുണ്ടായിരുന്നില്ല. എന്നാൽ, പുതുതായി നിർമിച്ച ഒന്നേമുക്കാൽ കിലോമീറ്റർ ദൂരം വരുന്ന തട്ടേക്കാട്– ചെറ്റേപ്പീടിക റോഡ് പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിങ് നടത്തുന്നതിനായി, മണ്ണത്തൂർ പള്ളിക്കവല മുതൽ തട്ടേക്കാട് വരെയുള്ള ഭാഗം കൂടി ഇതിനോടൊപ്പം ചേർത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
പിഎംജിഎസ്വൈ പദ്ധതി പ്രകാരം ടാറിങ് നടത്തണമെങ്കിൽ കുറഞ്ഞത് 3 കിലോമീറ്റർ ദൂരം നിർബന്ധമാണെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ടാറിങ് ജോലികൾക്കായി റോഡ് പൊളിച്ചിട്ടിട്ട് ഇതിനോടകം രണ്ടര മാസത്തിലധികമായി.
നിരവധി കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് നിലവിൽ ഉരുളൻ കല്ലുകളും മെറ്റലുകളും നിരന്നു കിടക്കുകയാണ്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുന്നു.
കൂടാതെ, ഇതുവഴി കടന്നുപോകുന്ന നാലുചക്ര വാഹനങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നുണ്ട്. കാൽനടയാത്ര പോലും അസാധ്യമയ ഈ വഴിയിലൂടെ മണ്ണത്തൂരിലേക്കും മറ്റും സഞ്ചരിക്കേണ്ടവർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട
ഗതികേടിലാണ്. ഈ മേഖലയിൽ എഴുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ചരിത്രപ്രസിദ്ധമായ തട്ടേക്കാട് സെന്റ് മേരീസ് യാക്കോബായ ചാപ്പലും ഈ റോഡരികിലാണ് സ്ഥിതി ചെയ്യുന്നത്. പള്ളിയിൽ ആരാധനയ്ക്കായി എത്തുന്നവരും കടുത്ത ദുരിതമാണ് നേരിടുന്നത്.
തട്ടേക്കാട്– ചെറ്റേപ്പീടിക റോഡിൽ മെറ്റൽ വിരിച്ചിട്ട് ഒരു വർഷത്തിലധികം കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എത്രയും വേഗം ബന്ധപ്പെട്ട
അധികൃതർ ഇടപെട്ട് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

