കൊച്ചിയിലും തിരുവനന്തപുരത്തുമായി നടത്തിയ ഗവേഷണത്തിലാണ് വിറയല്‍, പേശികളുടെ മുറുക്കം, ചലനവൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന നാഡീവ്യൂഹ സംബന്ധിയായ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍, നമ്മുടെ കുടലില്‍ ജീവിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് വ്യക്തമായിരിക്കുന്നത്. ആഗോള തലത്തിലെ പ്രമുഖ സയന്റിഫിക് ജേര്‍ണലായ NJP പാര്‍ക്കിന്‍സണ്‍സ് ഡിസീസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
( Is there a link between gut microbes and Parkinson’s disease) കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി (SCTIMST) എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് പാര്‍ക്കിന്‍സണ്‍സ് രോഗികളുടെയും ആരോഗ്യവാന്മാരായ ആളുകളുടെയും കുടലിലെ ബാക്ടീരിയകളുടെ ഘടനയില്‍ വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ICMR) ധനസഹായത്തോടെ നടത്തിയ ഈ പഠനത്തിന് കുസാറ്റിലെ ഡോ.
അനീസ പി.എ., ഡോ. ബേബി ചക്രപാണി പി.എസ്. (ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ്), ശ്രീചിത്രയിലെ ഡോ.
ശ്യാംകൃഷ്ണന് (പ്രൊഫസര്‍, ന്യൂറോളജിവിഭാഗം) എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കിയത്. കുസാറ്റ്, SCTIMST, NCPOR എന്നിവിടങ്ങളില്‍ നിന്നുള്ള ബയോ ഇന്‍ഫര്‍മാറ്റിക്സ് വിദഗ്ധര്‍, മൈക്രോബയോളജിസ്റ്റുകള്‍, ബയോടെക്നോളജിസ്റ്റുകള് എന്നിവരടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരും സമഗ്ര പഠനത്തില്‍ സഹകരിച്ചു.
ശരീര ചലനങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ‘ഡോപാമിന്‍’ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ നാഡീകോശങ്ങള്‍ നശിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നത്. കുടലും തലച്ചോറും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടലിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ തലച്ചോറിനെ ബാധിക്കുന്ന വീക്കത്തിന് കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്‍പേ സംശയിച്ചിരുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വര്ഷങ്ങള്ക്കുപാടെ മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും കണ്ടുവരാറുണ്ടെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശ്രീചിത്രയിലെ ‘കോംപ്രിഹെന്‍സീവ് കെയര്‍ സെന്റര്‍ ഫോര്‍ മൂവ്മെന്റ് ഡിസോര്‍ഡേഴ്സില്‍’ ചികിത്സ തേടിയിരുന്ന 65 പാര്‍ക്കിന്‍സണ്‍സ് രോഗികളെയും, ആരോഗ്യവാന്മാരായ 65 ആളുകളെയും (പ്രധാനമായും രോഗികളുടെ പങ്കാളികള്‍) ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.
സാംപിളുകളിലെ ബാക്ടീരിയകളെ തിരിച്ചറിയാന്‍ ജീനോമിക് സാങ്കേതിക വിദ്യയും, ഈ സൂക്ഷ്മാണുക്കള്‍ കുടലില്‍ എന്താണ് ചെയ്യുന്നത് എന്ന് വിലയിരുത്താന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനങ്ങളുമാണ് ഗവേഷകര്‍ ഉപയോഗിച്ചത്. കുടലില്‍ വീക്കം ഉണ്ടാകുന്നതുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയകള്‍ പാര്ക്കിന്സണ് സ്രോഗികളില് കൂടുതലായി കാണപ്പെട്ടു.
അതേസമയം, കുടലിന്റെ ആന്തരിക പാളിയുടെ ആരോഗ്യം നിലനിര്‍ത്താനും രോഗ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും സഹായിക്കുന്ന ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗുണകരമായ ബാക്ടീരിയകള്‍ കുറഞ്ഞ അളവിലാണ് കണ്ടെത്തിയത്. ബാക്ടീരിയകളുടെ ഈ വ്യതിയാനം കുടലിന്റെ സംരക്ഷണഭിത്തിയെ ദുര്‍ബലപ്പെടുത്തുകയും വീക്കം പടരാന്‍ ഇടയാക്കുകയും ചെയ്യാം എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ഈ ബാക്ടീരിയകളുടെ അളവിലുള്ള വ്യത്യാസങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ തീവ്രതയുമായും രോഗത്തിന്റെ മറ്റ് ക്ലിനിക്കല്‍ സവിശേഷതകളുമായും ശക്തമായ ബന്ധംപുലര്ത്തുന്നതായും പഠനം കണ്ടെത്തി. കൂടാതെ, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഡോപമിന്‍, ഗ്ലൂട്ടാമേറ്റ്, GABA തുടങ്ങിയ രാസസന്ദേശവാഹകങ്ങളുമായി ബന്ധപ്പെട്ട
പ്രക്രിയകളെ സ്വാധീനിക്കുന്നതിലൂടെ ഈ ബാക്ടീരിയകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഈ പഠനം പ്രസക്തമാകുന്നത്? ആഹാരരീതി, ജീവിതശൈലി, താമസിക്കുന്ന പ്രദേശം എന്നിവയെല്ലാം നമ്മുടെ വയറ്റിലെ സൂക്ഷ്മജീവികളുടെ ഘടനയെ സ്വാധീനിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളില്‍ എന്തുകൊണ്ടാണ് വെവ്വേറെ ബാക്ടീരിയകള്‍ കണ്ടെത്തിയത് എന്നതിന് കാരണവും ഇതാണ്. അതുകൊണ്ടുതന്നെ ഓരോ നാടുകളിലെയും ജനവിഭാഗങ്ങളെക്കുറിച്ച് ഇത്തരത്തിലുള്ള പഠനങ്ങള്‍ നടക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കാന്‍ സഹായിക്കും.
മുന്‍കാല പഠനങ്ങളെല്ലാം പാശ്ചാത്യ-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് നടന്നിട്ടുള്ളത്; ദക്ഷിണേഷ്യന്‍ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇത്തരം പഠനങ്ങള്‍ വളരെ വിരളമാണ്. കേരളത്തില്‍ പാര്ക്കിന്സണ് രോഗാവസ്ഥയെ ആസ്പദമാക്കി ഇത്തരത്തിലൊരു സമഗ്ര പഠനം ആദ്യമായാണ് നടത്തുന്നത്.
കേരളത്തിലെ രോഗികളില്‍ കണ്ടുവരുന്ന ബാക്ടീരിയല്‍ പാറ്റേണുകള്‍ തിരിച്ചറിയുന്നത് വഴി, ഭാവിയില്‍ ഈ രോഗ നിര്‍ണയത്തിനായുള്ള ലളിതമായ പരിശോധനകള്‍ വികസിപ്പിക്കാനും കുടലിന്റെ ആരോഗ്യം വീണ്ടെടുക്കുന്ന ചികിത്സാരീതികള്‍ കണ്ടെത്താനും സാധിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

