നമ്മളിൽ പലരും ബൈക്ക് യാത്രകൾ പതിവാക്കിയവരാണ്. എന്നാൽ, ഹെൽമറ്റിൽ അടിഞ്ഞുകൂടുന്ന വിയർപ്പും അഴുക്കും കാരണം പലപ്പോഴും യാത്രകൾ അരോചകമാകാറുണ്ട്.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് രണ്ട് യുവാക്കൾ. ആർ.
സൈനുദ്ദീൻ (23), എ. റൈഹാൻ അലി (22) എന്നിവർ ചേർന്ന് ആരംഭിച്ച ‘ഹെൽമി’ എന്ന സംരംഭമാണ് ഇപ്പോൾ യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഹെൽമറ്റിലെ ഏത് കടുത്ത അഴുക്കും ദുർഗന്ധവും പൂർണ്ണമായി നീക്കം ചെയ്ത് പുതുപുത്തനാക്കി മാറ്റുമെന്നാണ് ഈ യുവസംരംഭകരുടെ ഉറപ്പ്. പാലക്കാട് എടത്തറ അഞ്ചാം മൈൽ സ്വദേശികളായ സൈനുദ്ദീനും റൈഹാനും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്.
ഐ.ടി.ഐ പഠനം പൂർത്തിയാക്കി ചെറിയ ജോലികളിൽ ഏർപ്പെട്ടിരുന്ന ഇവർ, തികച്ചും വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ നിന്നും ലഭിച്ച ആശയമാണ് ഇരുവരും ചേർന്ന് വിജയകരമായ ഒരു ബിസിനസ് സംരംഭമാക്കി മാറ്റിയത്.
അഴുക്കും വിയർപ്പും നിറഞ്ഞ ഹെൽമറ്റുകൾ നിരന്തരം ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചിലിനും മുഖത്ത് കുരുക്കൾ ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. കൃത്യമായ ഇടവേളകളിൽ ഇവ വൃത്തിയാക്കുന്നത് വഴി ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധി വരെ തടയാനാകും.
ഒപ്പം ദുർഗന്ധം അകറ്റാനും ഹെൽമറ്റിന്റെ പാഡിംഗും മറ്റ് മെറ്റീരിയലുകളും ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. വെറും 15 മുതൽ 35 മിനിറ്റിനുള്ളിൽ ഒരു ഹെൽമറ്റ് പൂർണ്ണമായി വൃത്തിയാക്കി ഉണക്കി നൽകാൻ സാധിക്കും.
വിവിധ തരം ഹെൽമറ്റുകൾ ഉണ്ടെങ്കിലും നിരക്കുകളിൽ മാറ്റമില്ല. നോർമൽ ക്ലീനിങ്ങിന് 90 രൂപയും പ്രീമിയം ക്ലീനിങ്ങിന് 150 രൂപയുമാണ് ഈടാക്കുന്നത്.
പാലക്കാട് മേഴ്സി കോളജ് ജംക്ഷനിലുള്ള സ്ഥാപനം രാവിലെ 9 മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തിക്കുന്നത്. ഭാവിയിൽ ഹെൽമറ്റ് ആക്സസറികൾ, ഷൂ പോളിഷ് തുടങ്ങിയ സേവനങ്ങൾ കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
ശുചീകരണം നാല് ഘട്ടങ്ങളിലായി പ്രധാനമായും നാല് ഘട്ടങ്ങളായാണ് ഹെൽമറ്റ് വൃത്തിയാക്കുന്നത്. ആദ്യം കൈകൊണ്ട് വൃത്തിയാക്കിയ ശേഷം യന്ത്രസഹായത്തോടെയുള്ള ശുചീകരണത്തിലേക്ക് കടക്കുന്നു.
1. ഡിസിൻഫെക്ഷൻ: അണുനശീകരണ പ്രക്രിയയിലൂടെ ഹെൽമറ്റിന്റെ പുറംഭാഗത്തെ പൊടിയും അഴുക്കും പൂർണ്ണമായി നീക്കം ചെയ്യുന്നു.
2.
സാനിറ്റൈസിങ്: ഉൾഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസ്, പൊടിപടലങ്ങൾ എന്നിവ നശിപ്പിക്കുന്നു.
3. ഡ്രയിങ്: വിയർപ്പും ക്ലീനിംഗ് സമയത്തുണ്ടാകുന്ന ഈർപ്പവും പൂർണ്ണമായി ഉണക്കിയെടുക്കുന്നു.
4.
പ്യൂരിഫയിങ്: ഹെൽമറ്റിനുള്ളിലെ ദുർഗന്ധം പൂർണ്ണമായി അകറ്റി ശുദ്ധീകരിക്കുന്നു. പ്രധാന സേവനങ്ങൾ:
∙ ഡീപ് ക്ലീനിങ്: ഹെൽമറ്റിന്റെ ഉൾഭാഗത്തെ പാഡിങ് പ്രത്യേക ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നു.
∙ സ്റ്റീം സാനിറ്റൈസേഷൻ: ഉയർന്ന താപനിലയിലുള്ള നീരാവി കടത്തിവിട്ട് ഹെൽമറ്റ് അണുവിമുക്തമാക്കുന്നു.
∙ അൾട്രാ വയലറ്റ് (യുവി) ട്രീറ്റ്മെന്റ്: ആധുനിക യന്ത്രമുപയോഗിച്ച് അൾട്രാവയലറ്റ് രശ്മികൾ കടത്തിവിട്ട് കൂടുതൽ സുരക്ഷിതമാക്കുന്നു.
∙ വാക്വം ഡ്രയിങ്: കേടുപാടുകൾ കൂടാതെ ഹെൽമറ്റ് വളരെ വേഗത്തിൽ ഉണക്കിയെടുക്കാൻ ഇത് സഹായിക്കുന്നു.
∙ പോളിഷിങ്: ഹെൽമറ്റിന്റെ പുറംഭാഗം തിളക്കമുള്ളതാക്കുകയും മുൻപിലെ ഗ്ലാസ് (Visor) പോറൽ വീഴാതെ വൃത്തിയാക്കുകയും ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

