ലക്നൗ: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ വ്യാപകമായി ബോംബ് ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച വ്യാജ ഇ-മെയിൽ വിലാസങ്ങൾ നിർമിച്ച് വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ യുവാവ് ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായി. കാൺപുർ സ്വദേശിയായ അങ്കിത് ശംഖ്വാർ (24) ആണ് എടിഎസിന്റെ കസ്റ്റഡിയിലായത്.
നോയിഡ, ഡൽഹി, ഗുരുഗ്രാം, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ വന്ന ഭീഷണികളുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. ഡൽഹി-എൻസിആർ മേഖലയിലെയും മുംബൈയിലെയും വിവിധ സ്കൂളുകൾ, പ്രശസ്ത ഗായകൻ ദിൽജിത് ദൊസാഞ്ച് അവതരിപ്പിച്ച സംഗീത പരിപാടി, ഒരു പ്രമുഖ ബോളിവുഡ് താരത്തിന്റെ വസതി എന്നിവിടങ്ങളിലേക്ക് ലഭിച്ച ബോംബ് ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
പ്രോക്സി നെറ്റ്വർക്കുകളും വിപിഎന്നും ഉപയോഗിച്ച് തയ്യാറാക്കിയ അഞ്ച് ലക്ഷത്തോളും വ്യാജ ഇമെയിൽ വിലാസങ്ങൾ ഉൾക്കൊള്ളുന്ന എക്സൽ ഷീറ്റുകൾ പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് മുംബൈയിലെ മേയർ ഓഫിസിലേക്ക് ഭീഷണി സന്ദേശമയക്കാൻ ഉപയോഗിച്ച ‘[email protected]’ എന്ന വിലാസവും ഇതിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
2021 മുതൽ വ്യാജ ഇമെയിൽ ഐഡികൾ നിർമ്മിച്ചു നൽകുന്നതിൽ വ്യാപൃതനാണ് അങ്കിത്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ മുഖേന ബന്ധപ്പെടുന്ന പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കാണ് ഇയാൾ ഈ അക്കൗണ്ടുകൾ വിറ്റിരുന്നത്.
ഇതിനുള്ള പ്രതിഫലം ക്രിപ്റ്റോ കറൻസി വഴിയാണ് കൈപ്പറ്റിയിരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ അലാമിൻ ഇസ്ലാം എന്നയാൾക്ക് പ്രതി കൈമാറിയ ഇമെയിൽ വിലാസമാണ് നോയിഡയിലെ സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം അയക്കാൻ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ പ്രതിക്ക് ഇതുവരെ 6,000 യുഎസ്ഡിറ്റി ലഭിച്ചിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. സംഭവത്തിൽ ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പ്രതിയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
നിലവിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഉത്തർ പ്രദേശ് എടിഎസ് വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

