വേനൽമഴയ്ക്കു വിരാമമായതോടെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ തണുപ്പേറുന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസ് ഇന്നലെയാണ് രേഖപ്പെടുത്തിയത്.
മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ ഈ തണുപ്പ് അനുഭവപ്പെട്ടത്. പ്രദേശത്തെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുണ്ടള, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
അതേസമയം, ഉൾപ്രദേശങ്ങളിലെ തോട്ടം മേഖലകളായ ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി എന്നിവിടങ്ങളിലും ഇന്നലെ പുലർച്ചെ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ഇവിടെ താപനില 5 ഡിഗ്രിയിലും താഴെ എത്തിയതായാണ് പ്രാഥമിക വിവരം.
പകൽ സമയത്ത് അന്തരീക്ഷ താപനില 20– 25 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും, കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിലും പുലർച്ചെയും കഠിനമായ ശൈത്യമാണ് അനുഭവപ്പെടുന്നത്. മരങ്ങളുടെ ഇലകളിലും പുൽമേടുകളിലും മഞ്ഞുകണങ്ങൾ ഉറഞ്ഞുകൂടിയ നിലയിലാണ്.
വൈകുന്നേരങ്ങളിൽ പ്രദേശത്ത് ശക്തമായ കോടമഞ്ഞും രൂപപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുകയാണെങ്കിൽ, ഒരാഴ്ചയ്ക്കുള്ളിൽ താപനില പൂജ്യത്തിന് താഴേക്ക് എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

