തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.
രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയുമാണ് പുതിയതായി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതുതായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അന്വേഷണ ചുമതലയും ഈ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 10 പിഎസ്സി അംഗങ്ങൾക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് നൽകി വിളിപ്പിക്കും. അതേസമയം, പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയർമാനും മറ്റ് അംഗങ്ങളും നൽകിയ മൊഴികളിൽ കാര്യമായ ഭിന്നതകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും കൂട്ടായ ചർച്ചയിലൂടെയാണ് എടുത്തതെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്സി ചെയർമാൻ എം ആർ ബൈജു മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, പല നിർണായക തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്കാണ് എടുത്തതെന്നാണ് ചില അംഗങ്ങൾ നൽകിയിരിക്കുന്ന മൊഴി.
കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും എം ആർ ബൈജുവും തമ്മിൽ വലിയ അടുപ്പമുണ്ടെന്നും ചില അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയായ ആർ ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
ഇയാളുടെ ഔദ്യോഗിക വസതി ഉൾപ്പെടെ പൂട്ടിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ കോടതി റിമാൻഡ് ചെയ്തു.
ഉദ്യോഗസ്ഥരായ ആർ ഹരി, സതീഷ് എന്നിവരെ പൂർണ്ണമായും സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴിയാണ് ചെയർമാൻ എം ആർ ബൈജു അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. ആസൂത്രണ ബോർഡ് പരീക്ഷയിലെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയത് സാങ്കേതിക പിഴവ് മൂലാണെന്നും, അതിൽ ബോധപൂർവമായ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ചെയർമാന്റെ വാദം.
എന്നാൽ ചെയർമാന്റെ ഈ മൊഴി ക്രൈംബ്രാഞ്ച് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
കമ്മീഷനിലെ മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്ത ശേഷം ചെയർമാനെ വീണ്ടും വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനിടയിൽ, പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പുതിയതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് എംവിഐ (MVI) പരീക്ഷയുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഒരു പ്രത്യേക ഗൈഡിൽ നിന്ന് നേരിട്ട് ചോദിച്ചതാണെന്ന പരാടിയെ തുടർന്നാണ് ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

