കൊച്ചി സെൻട്രൽ സ്റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച സംഭവത്തിൽ എസ്ഐ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട
സ്വദേശിയായ എറണാകുളം സെൻട്രൽ എസ്ഐ അനസ് എസ്. തൗഫീഖ് ആണ് പിടിയിലായത്.
സംഭവത്തെ തുടർന്ന് പ്രതിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പിടിവീഴുമെന്നായ ഘട്ടത്തിൽ 202 ഗ്രാം ലഹരിയാണ് എസ്ഐ തിരിച്ചേൽപിച്ചത്. രണ്ടര ഇരട്ടിയോളം വരുന്ന ഈ രാസലഹരി സീൽ ചെയ്യാത്ത കവറിലാണ് തിരികെ നൽകിയത്.
എന്തിനാണ് ഇത്രയധികം ലഹരി പുറത്തേക്ക് കടത്തിയത് എന്നതിനെക്കുറിച്ചും, അധികമായി വന്ന അളവ് എങ്ങനെയുണ്ടായെന്നതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് നൽകിയ വിശദീകരണത്തിൽ കളവായ വാദങ്ങൾ ഉന്നയിച്ചതായും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതിലൊക്കെ അനസ് തൗഫീഖ് സജീവമായി പങ്കെടുത്തിരുന്നു. മുൻപും ഏതെങ്കിലും ലഹരിക്കേസുകളിൽ വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടോയെന്നും അല്ലെങ്കിൽ മറ്റാരെയെങ്കിലും ബോധപൂർവ്വം കുടുക്കാൻ ശ്രമിച്ചതാണോയെന്നും പോലീസ് അന്വേഷിക്കും.
കേസിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണ റിപ്പോർട്ട് ട്രാഫിക് വെസ്റ്റ് എസിപി 10 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ്. കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി നശിപ്പിക്കാൻ വേണ്ടി സൂക്ഷിച്ചിരുന്ന രാസലഹരിയാണ് ലോക്കർ റൂമിൽ നിന്നും എസ്ഐ കടത്തിക്കൊണ്ടുപോയത്.
തുടർന്ന് 87 ഗ്രാം വരുന്ന കവർ കാണാനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം 18ന് അനസ് ലോക്കർ മുറിയിൽ പ്രവേശിച്ചതായി കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി ലോക്കർ റൂമിന്റെ താക്കോൽ മാറ്റിസ്ഥാപിച്ചിരുന്നു.
എന്നാൽ അനസ് ഈ താക്കോൽ ആവശ്യപ്പെട്ട് എത്തിയതോടെയാണ് ഉദ്യോഗസ്ഥർ വിശദീകരണം തേടിയത്. തുടർന്ന് കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് ഇയാൾ കവർ തിരികെ എത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

