ആധുനിക വ്യവസായ ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നൽകുന്ന സാധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖ വ്യക്തികൾ സംസാരിച്ചു. കൊച്ചിയിൽ നടന്ന ബിസിനസ് സമ്മിറ്റിൽ ‘എഐ ആൻഡ് ബിസിനസ്: റീഇൻവെന്റിങ് ദി വേ ബിസിനസ് വർക്, കോംപീറ്റ് ആൻഡ് ഗ്രോ’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സ് ലിമിറ്റഡ് സിഇഒ ആന്റണി ചെറുകരയും പിവലെന്റ് എഐ സഹസ്ഥാപകനും സിഒഒയുമായ അരുൺ രാജ് എന്നിവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എഐയുടെ കടന്നുവരവ് തൊഴിൽ നഷ്ടപ്പെടുത്തിയേക്കുമെന്ന ആശങ്കകൾക്കിടയിലും, അതൊരു താൽക്കാലിക പ്രതിഭാതം മാത്രമാണെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. യുഎസിൽ വിജയകരമായി പരീക്ഷിച്ച ഓട്ടോണമസ് ട്രാക്ടർ സാങ്കേതികവിദ്യ ഇന്ത്യയിലെ കർഷകരിലേക്ക് എത്തിച്ചതിന്റെ അനുഭവങ്ങൾ ആന്റണി ചെറുകര വേദിയിൽ പങ്കുവെച്ചു.
വെറും ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ എഞ്ചിനീയറിങ് രംഗത്ത് ചെറിയ രീതിയിൽ തുടങ്ങി, ഇന്ന് കോടികളുടെ മൂല്യം സൃഷ്ടിക്കുന്ന ഒരു ആർആൻഡ്ഡി സംവിധാനത്തിലേക്ക് വളരാൻ എഐ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി കുറഞ്ഞ വരുമാനമുള്ള സാധാരണ കർഷകരെയും ചെറിയ ഉപഭോക്താക്കളെയും ലക്ഷ്യമിടുമ്പോൾ ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച ഗുണനിലവാരം നൽകാൻ എഐ തങ്ങളെ സഹായിക്കുന്നുവെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.
കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ‘കോൺടെക്ച്വൽ വർക്ക്ബെഞ്ചുകൾ’ നിർമിച്ച് മുന്നോട്ട് പോകുമ്പോഴാണ് എഐ യഥാർത്ഥത്തിൽ പ്രയോജനപ്പെടുന്നത്. വലിയ കോർപ്പറേറ്റുകൾ മുതൽ ചെറിയ സംരംഭങ്ങൾ വരെ തങ്ങളുടെ ബിസിനസ് പ്രശ്നങ്ങൾക്ക് എഐയെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ മേഖലയിൽ എഐ എന്നത് വെറുമൊരു ഡിജിറ്റൽ തരംഗമല്ലെന്നും അത് ബിസിനസ്സുകളിൽ സുസ്ഥിരമായി നിലനിൽക്കുമെന്നും അരുൺ രാജ് വ്യക്തമാക്കി. സാങ്കേതികവിദ്യയെ അവഗണിക്കാൻ ശ്രമിക്കരുതെന്നും സംരംഭകരും ബിസിനസ് രംഗത്തുള്ളവരും നിർബന്ധമായും ‘എഐ ഫ്ലൂവൻസി’ നേടിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെൻസിറ്റീവ് ഡേറ്റ ചോർച്ച ഒഴിവാക്കാൻ പബ്ലിക് പ്ലാറ്റ്ഫോമുകൾക്ക് പകരം എന്റർപ്രൈസ് വേർഷൻ ടൂളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക, നിലവിലുള്ള സിസ്റ്റങ്ങളായ കസ്റ്റം റിലേഷൻഷിപ് മാനേജ്മെന്റ് (സിആർഎം), എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇആർപി) എന്നിവ എഐ റാപ്പറുമായി ഇന്റഗ്രേറ്റ് ചെയ്ത് ബിസിനസ് പ്രക്രിയകൾ കൂടുതൽ ലളിതമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എഐ കാരണം സമ്പദ്വ്യവസ്ഥയുടെ വളർച്ച വേഗത്തിലാവുകയും ആഗോള സമ്പദ്വ്യവസ്ഥ അടുത്ത 10-12 വർഷത്തിനുള്ളിൽ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ആന്റണി ചെറുകര അഭിപ്രായപ്പെട്ടു.
പ്രാരംഭ ഘട്ടത്തിൽ ചില തടസങ്ങളും മാറ്റങ്ങളും ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ മാറ്റങ്ങളെ നേരിടാൻ പുതിയ തലമുറയും ഉദ്യോഗാർത്ഥികളും നിരന്തരം പുതിയ കഴിവുകൾ ആർജ്ജിക്കേണ്ടതുണ്ടെന്ന് അരുൺ രാജ് വ്യക്തമാക്കി.
ട്രില്യൺ കണക്കിന് ഡോളർ മുതൽമുടക്കുള്ള എഐ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ യഥാർഥ നിർവഹണത്തിന് സിവിൽ, മെക്കാനിക്കൽ എൻജിനീയർമാരും സ്റ്റീൽ, സിമന്റ് നിർമാണവും അടക്കം ഒട്ടേറെ മേഖലകളിെല വിദഗ്ധരെ ആവശ്യമായി വരും. അതുകൊണ്ടുതന്നെ കോർ എൻജിനീയറിങ് ജോലികൾ വീണ്ടും സജീവമാകും.
എഐ ഈ വളർച്ചയ്ക്ക് വേഗതയും കരുത്തും പകരുമെങ്കിലും തുടക്കത്തിൽ ചില തൊഴിൽ മേഖലകളിൽ ചെറിയ തടസങ്ങൾ ഉണ്ടായേക്കാം. എങ്കിലും അടുത്ത 10 വർഷത്തെ കാലയളവിൽ എഐ ഇല്ലാതാക്കുന്നതിനേക്കാൾ എത്രയോ അധികം പുതിയ തൊഴിലവസരങ്ങൾ ഈ മേഖലകളിൽ എഐ തന്നെ സൃഷ്ടിക്കുമെന്നും അരുൺ രാജ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

