ആധുനിക സാങ്കേതികവിദ്യയുടെയും എഐയുടെയും വരവോടെ ലോകം ചരിത്രപരമായ പരിവർത്തനത്തിലാണെന്ന് മുത്തൂറ്റ് എംക്രെড സിഇഒ പി.ഇ. മത്തായി പറഞ്ഞു.
പരമ്പരാഗത ബിസിനസുകളിലും പുതിയ സംരംഭങ്ങളിലും കേരളത്തിൽ വലിയ അവസരങ്ങളാണുള്ളതെന്നും സാധാരണക്കാരുടെ കൈവശമുള്ള സ്വർണ ശേഖരം ശരിയായ രീതിയിൽ വിനിയോഗിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രപരമായി സ്വർണവില ദീർഘകാലാടിസ്ഥാനത്തിൽ എപ്പോഴും ഉയർച്ചയുടെ പാതയിലാണ്.
യുഎസ് ഡോളറിന്റെ ആധിപത്യം കുറയുന്നതും ഇയു, ബ്രിക്സ് രാജ്യങ്ങളുടെ പുതിയ കറൻസി നീക്കങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണനിക്ഷേപ താൽപര്യം വർധിപ്പിക്കുന്നു. ലോകത്താകെ ഇതുവരെ ഖനനം ചെയ്തെടുത്ത സ്വർണം ഏകദേശം 2,14,000 ടൺ ആണ്.
ഇനി ഖനനം ചെയ്യാൻ ബാക്കിയുള്ളത് 50,000 ടണ്ണോളം. ഓരോ വർഷവും 3,000 മുതൽ 4,000 ടൺ വരെ ഖനനം ചെയ്യപ്പെടുമ്പോൾ, അടുത്ത 10-15 വർഷത്തിനുള്ളിൽ സ്വർണം കൂടുതൽ അപൂർവമായി മാറും.
ഫെഡറൽ റിസർവ് (81%), ജർമൻ സെൻട്രൽ ബാങ്ക് (75%), ചൈന (8.5%), ഇന്ത്യ (10%) എന്നിങ്ങനെ ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വർധിപ്പിക്കുകയാണ്. ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 34,700 ടൺ സ്വർണമുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇതിന്റെ മൂല്യം ഏകദേശം 5 ട്രില്യൺ യുഎസ് ഡോളർ ആണ് (ഇന്ത്യയുടെ ജിഡിപി ഏകദേശം 4.1 ട്രില്യൺ ഡോളർ). ഇതിന്റെ 75 മുതൽ 85 ശതമാനം വരെ സാധാരണക്കാരുടെ കൈവശമാണ് ഉള്ളത്.
വലിയതോതിലുള്ള ഈ സ്വർണ ശേഖരം ഉൽപാദനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിച്ചാൽ 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെയും എഐയുടെയും സഹായത്തോടെ സ്വർണ വായ്പാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് പി.ഇ.
മത്തായി വ്യക്തമാക്കി. ശാഖകളിൽ വ്യാജ സ്വർണം കൊണ്ടുവരുന്നതുപോലെയുള്ള തട്ടിപ്പുകൾ മുൻകൂട്ടി തിരിച്ചറിയാനും, ആ വിവരം ഉടൻതന്നെ ഈ മേഖലയിലെ മറ്റുള്ളവരിലേക്ക് എത്തിക്കാനും എഐ സാങ്കേതികവിദ്യ സഹായിക്കും.
ഭാവിയിൽ ആളുകൾക്ക് തങ്ങളുടെ കൈവശമുള്ള സ്വർണം ആഭരണമായി തുടർന്നും ഉപയോഗിക്കുന്നതിനൊപ്പം തന്നെ, അതിൽ പ്രത്യേക റജിസ്ട്രേഷൻ നമ്പറുകൾ ഏർപ്പെടുത്തി ബാങ്കുകളിൽ വായ്പ നേടാൻ കഴിയുന്ന സംവിധാനങ്ങൾ വിഭാവനം ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

