ഉപയോക്താക്കളുടെ ഓൺലൈൻ അനുഭവം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുമായി Google രംഗത്ത്. ഇന്റർനെറ്റ് ഫോമുകൾ പൂരിപ്പിക്കുന്നത് കൂടുതൽ വേഗത്തിലാക്കാനായി Gemini with Personal Intelligence സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ചുള്ള പുതിയ ഓട്ടോഫിൽ ഫീച്ചർ Google Chrome-ൽ ഔദ്യോഗികമായി അവതരിപ്പിച്ചു.
സാധാരണയായി ഉപയോഗിക്കുന്ന വിലാസങ്ങൾ, പാസ്വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയ്ക്ക് പുറമെ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗതമായ സേവനങ്ങൾ നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ വർഷം ജൂലൈ മാസത്തിൽ Chrome ബ്രൗസറിൽ “Find and Fill with Gemini” എന്ന ഫീച്ചറിന്റെ പരീക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതിന്റെ തുടർച്ചയായാണ് മൂന്ന് മാസങ്ങൾക്ക് ശേഷം ഇപ്പോൾ ഗൂഗിൾ ഈ ആധുനിക ഫീച്ചർ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. പുതിയ സംവിധാനം വഴി ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുന്ന വേളയിൽ ഉപയോക്താക്കളുടെ Gmail ഇൻബോക്സിൽ നിന്നുള്ള വിവരങ്ങൾ തനിയെ കണ്ടെത്താനും നിർദ്ദേശിക്കാനും ബ്രൗസറിന് സാധിക്കും.
ഉദാഹരണത്തിന്, വിമാന യാത്രയ്ക്കുള്ള ടിക്കറ്റ് പരിശോധന വേളയിൽ ബുക്കിംഗ് കോഡ് ഓർഡർ നമ്പറുകൾ, ട്രാക്കിംഗ് വിവരങ്ങൾ തുടങ്ങിയവ ജിമെയിൽ ഇൻബോക്സിൽ നിന്ന് ബ്രൗസർ സ്വയം കണ്ടെത്തി നൽകും. ഇതിനായി ഉപയോക്താക്കൾ പഴയപോലെ ഇമെയിലുകൾ പരതി സമയം കളയേണ്ടി വരില്ല.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെൻസിറ്റീവ് വിവരങ്ങളെല്ലാം എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഏത് വിവരങ്ങൾ പങ്കുവെക്കണമെന്ന് ഉപയോക്താക്കൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്നും ഗൂഗിൾ അറിയിച്ചു.
ആവശ്യമില്ലാത്ത നിർദ്ദേശങ്ങൾ നീക്കം ചെയ്യാനോ അല്ലെങ്കിൽ ക്രോം ക്രമീകരണങ്ങളിൽ ചെന്ന് ഈ പ്രത്യേക ഓട്ടോഫിൽ അനുഭവം പൂർണ്ണമായി ഓഫ് ചെയ്യാനോ ഉള്ള സൗകര്യവും നൽകിയിട്ടുണ്ട്. നിലവിൽ US-ലെ ഡെസ്ക്ടോപ്പ്, Android, iPhone എന്നീ പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
Personal Intelligence പ്രവർത്തനക്ഷമമാക്കിയിട്ടുള്ള 18 വയസ്സിന് മുകളിലുള്ള ജിമിനി ഇൻ ക്രോം ഉപയോക്താക്കൾക്കാണ് നിലവിൽ ഇത് ലഭിക്കുക. പ്രാരംഭ പരീക്ഷണ ഘട്ടത്തിൽ ഗൂഗിൾ ഫോട്ടോകളിൽ നിന്നും മറ്റ് കണക്റ്റഡ് ആപ്പുകളിൽ നിന്നും വിവരങ്ങൾ എടുക്കാൻ സാധിക്കുമായിരുന്നുവെങ്കിലും, നിലവിൽ പുറത്തിറക്കിയ പതിപ്പിൽ ജിമെയിൽ ഉറവിടം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഈ വർഷം ജൂലൈയിൽ അവതരിപ്പിച്ച Google Wallet സംവിധാനത്തിന്റെ തുടർച്ചയായാണ് ഈ ജെമിനി അധിഷ്ഠിത ഓട്ടോഫിൽ അനുഭവം ക്രോമിൽ വികസിപ്പിച്ചിരിക്കുന്നത്. ഇത്തരം നിർദ്ദേശങ്ങളുടെ ഉറവിടം പരിശോധിക്കാനുള്ള സൗകര്യവും ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആൻഡ്രോയിഡ് ഫോണുകളിൽ ജിമെയിലിൽ നിന്നുള്ള നിർദ്ദേശങ്ങളിൽ ജെമിനിയുടെ ലോഗോ കാണാൻ സാധിക്കും. കീബോർഡിന് മുകളിലുള്ള നിർദ്ദേശത്തിൽ ലോംഗ് പ്രസ് ചെയ്ത് “View sources” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ യഥാർത്ഥ ഇമെയിൽ പുതിയ ടാബിൽ തുറക്കാൻ കഴിയും.
ക്രോം തെറ്റായ വിവരങ്ങളാണോ നൽകിയതെന്ന് പരിശോധിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. കൂടാതെ, ഇതേ മെനുവിൽ ലഭ്യമായ “Remove suggestion” ഓപ്ഷൻ വഴി ആവശ്യമില്ലാത്തതോ കാലഹടർന്നതോ ആയ നിർദ്ദേശങ്ങൾ ഒഴിവാക്കാം.
എന്നാൽ ഇത് ഒറിജിനൽ ഇമെയിലിനെ ബാധിക്കില്ല. ഇമെയിൽ ഡിലീറ്റ് ചെയ്യുമ്പോൾ മാത്രമേ അതുമായി ബന്ധപ്പെട്ട
നിർദ്ദേശവും പൂർണ്ണമായി നീക്കം ചെയ്യപ്പെടുകയുള്ളൂ. വിവിധ ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുമ്പോൾ ടാബുകൾ മാറിമാറി നോക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും, ഫോണുകളിൽ ആപ്പുകൾക്കിടയിൽ മാറിമാറി കോപ്പി പേസ്റ്റ് ചെയ്യുന്ന അസൗകര്യങ്ങൾ ലഘൂകരിക്കാനും ഈ പുതിയ ഫീച്ചർ ഏറെ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

