കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതായി സൂചന. കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന രീതിയിലാണ് ജഡ്ജിയും മകനും മൊഴി നൽകിയിരിക്കുന്നത്.
മകന് വാഹനം ഓടിക്കാൻ അറിയാമെന്ന കാര്യം തനിക്ക് യാതൊരുവിധത്തിലും അറിയുമായിരുന്നില്ലെന്നാണ് ജഡ്ജി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, ഈ മൊഴികൾ പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ ജഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇതിനിടെ, ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിയില്ലെന്നും, എങ്ങനെയാണ് വാഹനം ഓടിക്കാൻ പഠിച്ചതെന്നോ രാത്രിയിൽ കാറുമായി പുറത്തുപോയതെന്നോ അറിവില്ലെന്നുമായിരുന്നു ജഡ്ജിയുടെ വിശദീകരണം.
എന്നാൽ താൻ ജീവിതത്തിൽ രണ്ട് തവണ മാത്രമാണ് കാർ എടുത്തതെന്നും, ആ രണ്ട് തവണയും അച്ഛനും അമ്മയും അറിയാതെയായിരുന്നു അതെന്നുമാണ് 17കാരനായ മകൻ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്ന മൊഴിയിൽ തന്നെയാണ് കുട്ടി ഉറച്ചുനിൽക്കുന്നത്.
കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന തരത്തിലുള്ള മൊഴിയാണ് സെക്യൂരിറ്റി ജീവനക്കാരനും നൽകിയിട്ടുള്ളത്. കാർ ഓടിക്കുന്നത് ആരാണെന്ന് താൻ ശ്രദ്ധിക്കാറില്ലെന്നാണ് സെക്യൂരിറ്റിയുടെ മൊഴി.
ജഡ്ജിയുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും ഒത്തുനോക്കിയാകും ഇന്നത്തെ ചോദ്യം ചെയ്യൽ. കൂടാതെ, സംഭവസ്ഥലത്തു നിന്നും വീട്ടിൽ നിന്നും പിടിച്ചെടുത്ത വാഹനങ്ങളും കേസിൽ നിർണായക തെളിവുകളായി മാറുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

