ബിഗ് ബോസ് റിയാലിറ്റി ഷോ ഹൗസിൽ പുതിയ പ്രണയ വിവാദങ്ങൾ ചൂടുപിടിക്കുന്നു. മത്സരാർത്ഥികളായ നേഹയും താഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംഭവവികാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൃദുല നേഹയെ സമീപിച്ച്, താഷി വേദാങ്കിയോട് ഫ്ലെർട്ട് ചെയ്യുന്നുണ്ടെന്ന വിവരം പങ്കുവെക്കുകയുണ്ടായി. ഈ വാർത്ത കേട്ട് മാനസികമായി തകർന്ന നേഹ, ഉടൻതന്നെ വേദാങ്കിയെ വിളിച്ച് കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചു.
താഷി തന്നോട് ഫ്ലെർട്ട് ചെയ്യുന്നുണ്ടെന്ന് വേദാങ്കി ഉറപ്പിച്ച് പറഞ്ഞതോടെ നേഹ പൊട്ടിക്കരയുകയും, തുടർന്ന് മൃദുലയെത്തി അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ നേഹ നേരിട്ട് താഷിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
എന്നാൽ താൻ അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണ് താഷി മറുപടി നൽകിയത്. ഇത് വിശ്വസിക്കാൻ പ്രയാസമാണെന്ന് നേഹ പ്രതികരിച്ചതോടെ, “ശരി താങ്ക്യൂ ഫോർ എവരിതിങ്” എന്ന് പറഞ്ഞ് താഷി അവിടെനിന്നും എഴുന്നേറ്റുപോയി.
അത്യധികം ദേഷ്യം തോന്നിയ നേഹ ബെഡ്റൂമിലെത്തി സാധനങ്ങൾ എറിഞ്ഞുടയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
എന്നാൽ ഇത്തരം ലവ് ട്രാക്കുകൾ പ്രേക്ഷകർക്ക് മുന്നിൽ സജീവമായി അവതരിപ്പിക്കാറുള്ള ബിഗ് ബോസ്, നേഹ-താഷി പ്രണയബന്ധം ഇതുവരെ ഒരു എപ്പിസോഡിലും ഉൾപ്പെടുത്തിയിട്ടില്ല. ലൈവ് സ്ട്രീമിൽ പോലും ഈ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയ നിലയിലാണ്.
ഭാവികാര്യങ്ങളെക്കുറിച്ച് കൃത്യമായി പ്ലാൻ ചെയ്തിരുന്നെന്നും, വേദാങ്കിയോട് ഫ്ലെർട്ട് ചെയ്യുന്നുണ്ടെങ്കിൽ തന്നോട് പറഞ്ഞതിൽ യാതൊരു സത്യവുമില്ലായിരുന്നോ എന്നും നേഹ ചോദിക്കുന്നുണ്ട്. തനിക്ക് മുൻപിലുണ്ടായ മൂന്ന് പ്രണയങ്ങളും സമാനമായ കാരണങ്ങളാൽ തകർന്നുപോയതാണെന്നും, ഇനിയും അത് താങ്ങാൻ കഴിയില്ലെന്നും പറഞ്ഞ് നേഹ കരയുന്നതും എപ്പിസോഡിൽ കാണാമായിരുന്നു.
എന്തുകൊണ്ടാണ് ഇവരുടെ പ്രണയരംഗങ്ങൾ എപ്പിസോഡുകളിലോ ലൈവിലോ കാണിക്കാത്തത് എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ മോഹൻലാൽ അവതരിപ്പിച്ച വീക്കെൻഡ് എപ്പിസോഡിൽ പോലും മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തപ്പോൾ ഇക്കാര്യം ഉന്നയിക്കാതിരുന്നതും പ്രേക്ഷകർക്കിടയിൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, താഷി വേദാങ്കിയോട് താൻ ഫ്ലെർട്ട് ചെയ്തിട്ടുണ്ടോ എന്ന് നേരിട്ട് ചോദിക്കുന്ന ഒരു ക്ലിപ്പും ഇതിനിടയിൽ വൈറലായിട്ടുണ്ട്. തനിക്ക് ചേർന്ന ആളല്ല വേദാങ്കി എന്ന് താഷി പറയുന്നത് അതിൽ വ്യക്തമാണ്.
നേഹയെ മാനസികമായി തളർത്തി ഗെയിമിൽ നിന്നും പിന്നോട്ട് വലിക്കാനുള്ള മൃദുലയുടെ തന്ത്രമായിരുന്നോ ഇതെന്ന സംശയവും ആരാധകർ ഉന്നയിക്കുന്നുണ്ട്. സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ബിഗ് ബോസ് ഹൗസിലെ അടുത്ത എപ്പിസോഡുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

