തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 52 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് വടകര സ്വദേശിയായ മുഹമ്മദ് ഷമീം (38) ആണ് അറസ്റ്റിലായത്.
വാഹന പരിശോധനകളിൽ നിന്നും രക്ഷ നേടുന്നതിന്റെ ഭാഗമായി ബസിൽ നിന്നും ചെങ്കവിള ഭാഗത്ത് ഇറങ്ങുകയും, തുടർന്ന് ബൈക്കിൽ എത്തുമെന്ന് അറിയിച്ചിരുന്ന സുഹൃത്തിനായി കാത്തുനിൽക്കുന്നതിനിടയിലുമാണ് ഇയാൾ പിടിയിലാകുന്നത്. വള്ളക്കടവ് സ്വദേശിക്ക് കൈമാറാൻ ലക്ഷ്യമിട്ട് വ്യാവസായിക അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് എക്സൈസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായത്. സ്ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്പെക്ടർമാരായ കെ വി വിനോദ്, ആർ ജി രാജേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർ ബി പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ടി രാജു, അസി.
എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ജിനേഷ്, മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ സുഹൃത്തുക്കൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

