വിഴിഞ്ഞം മുല്ലൂർ ഗവ. കെവിഎൽപിഎസിലെ ഒന്നാം ക്ലാസുകാരി കുഞ്ഞുറിവാനിയുടെയും കുടുംബത്തിന്റെയും സ്വപ്നസാക്ഷാത്കാരമായ പുതിയ വീടിന്റെ നിർമാണം പൂർത്തിയായി.
അടച്ചുറപ്പുള്ള ഒരു കിടപ്പാടം തേടിയുള്ള റിവാനിയുടെ അഭ്യർഥന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, എംജിഎം ഗ്രൂപ്പാണ് കുടുംബത്തിന് വീട് നിർമിച്ചു നൽകിയത്. നിലവിൽ വീടിന്റെ അവസാന ഘട്ട
മിനുക്കുപണികൾ മാത്രമാണ് പുരോഗമിക്കുന്നത്. ചോർന്നൊലിക്കുന്ന ചായ്പിൽ കഴിഞ്ഞിരുന്ന റിവാനിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതം കഴിഞ്ഞ ജൂൺ ഒന്നിനാണ് പുറത്തുവന്നത്.
തുടർന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകുകയായിരുന്നു. കേരള പിറവി ദിനത്തിൽ തന്നെ പുതിയ വീടിന്റെ താക്കോൽ കൈമാറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എംജിഎം ഗ്രൂപ്പ് അധികൃതർ ഉള്ളത്.
മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥം താക്കോൽദാന ചടങ്ങ് സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ‘‘രാത്രി മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല..
അതു കൊണ്ട് പ്രിയ മുഖ്യമന്ത്രി അങ്കിളേ…ഞങ്ങൾക്ക് പുതിയ വീടു വച്ചു തരുമോ.. അതിൽ ഞങ്ങളുറങ്ങാം…ഞാൻ വലുതാകുമ്പോൾ പൈസ തരാം..’’ എന്നാണ് സഹോദരൻ ആറാം ക്ലാസ് വിദ്യാർഥി ഇവാനുമായി ചേർന്ന് റിവാനി വീഡിയോയിലൂടെ അഭ്യർത്ഥിച്ചത്.
കുട്ടികളുടെ സ്കൂൾ അധ്യാപികയായ എം.എസ്.റിനി ആണ് ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ റിവാനിയുടെ മാതാവ് പ്രിയങ്കയുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വിളിയെത്തി.
തുടർന്ന് എം.വിൻസന്റ് എംഎൽഎ നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് അതിവേഗത്തിലാണ് എംജിഎം ഗ്രൂപ്പ് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
പ്രശസ്ത നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി റിവാനിയുടെ തുടർ വിദ്യാഭ്യാസത്തിനുള്ള സഹായവും ലഭ്യമാക്കുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ റിഗിലും കുടുംബവും രണ്ടര സെന്റ് വസ്തുവിലെ ഏതുനിമിഷവും തകരാവുന്ന ഷീറ്റ് മേഞ്ഞ ചെറിയ ചായ്പിലായിരുന്നു ഇതുവരെയും താമസിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

