കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്.
കേസിലെ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ ആഡംബര ഇരുചക്രവാഹനവും വിവിധ ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് നടപടി.
ഇന്നലെ രാത്രി 10.30-ഓടെ ആരംഭിച്ച പരിശോധന നീണ്ടത് ആറര മണിക്കൂറോളമാണ്. ഇന്ന് പുലർച്ചെയോടെയാണ് പരിശോധന പൂർത്തിയായത്.
അതേസമയം, ജഡ്ജിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ജഡ്ജി സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടി നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുമെന്ന് കുടുംബം വ്യക്തമാക്കി.
പ്രതിയായ 17 വയസ്സുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനൊപ്പം കുടുംബവും ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇതുവരെ പൊലീസ് സ്വീകരിച്ച നടപടികളിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് കുടുംബം അറിയിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ വാഹനം എടുത്തുകൊണ്ടുപോയതെന്നാണ് ജഡ്ജിയുടെ പ്രാഥമിക നിലപാട്.
എന്നാൽ, കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ തന്റെ മൊഴി രേഖപ്പെടുത്താൻ കഴിയില്ലെന്നാണ് ജഡ്ജി പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ നിയമപരമായ അനുമതി നേടിയ ശേഷം ജഡ്ജിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിൽ എത്തിയത് ജുഡീഷ്യറിയുടെ അന്തസിന് കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഹൈക്കോടതി അച്ചടക്ക സമിതി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും അഡീഷണൽ സെക്ഷൻസ് ജഡ്ജിക്കെതിരായ തുടർ നടപടികളിലേക്ക് കടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

