സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന പൂർണ്ണമായും പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും, കിഴക്കൻ പ്രവിശ്യയിലേക്ക് തൊടുത്ത മൂന്ന് ബാലസ്റ്റിക് മിസൈലുകളും, തെക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളുമാണ് വ്യോമ പ്രതിരോധ സേന തകർത്തത്.
ആക്രമണങ്ങളിൽ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് അൽ-ഖർജ്, അബഹ, ഖമീഷ് മുശൈത്ത്, നജ്റാൻ, ഹരീഖ്, കിഴക്കൻ പ്രവിശ്യ, തെക്കൻ മേഖല ഉൾപ്പെടെയുള്ള സൗദിയുടെ വിവിധ ഭാഗങ്ങളിൽ സിവിൽ ഡിഫൻസിന്റെ ജാഗ്രതാ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചിരുന്നു.
അതേസമയം, യെമനിൽ ഹൂതികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഔദ്യോഗിക സൈന്യത്തിന്റെ നടപടികൾ ശക്തമായി തുടരുകയാണ്. ‘ഫജർ യെമൻ’ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1276 ആക്രമണങ്ങളാണ് നടന്നത്.
ഇതിൽ 382 ഹൂതി നേതാക്കളും സൈനികരും കൊല്ലപ്പെട്ടതായി യെമൻ സൈനിക വക്താവ് ഔദ്യോഗികമായി അറിയിച്ചു. ഹൂതികളുടെ 140 സൈനിക വാഹനങ്ങളും വിവിധ ആയുധശേഖരങ്ങളും സൈന്യം തകർത്തു.
ആക്രമണങ്ങളിൽ ഹൂതികളുടെ കമാൻഡ് സെന്ററുകൾ, പ്രധാന പ്രതിരോധ കേന്ദ്രങ്ങൾ, ആയുധപ്പുരകൾ എന്നിവ പൂർണ്ണമായി നശിച്ചു. തൈസ് മേഖലയിൽ വ്യോമസേനയുടെ ശക്തമായ പിന്തുണയോടെ മിന്നലാക്രമണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
കൂടാതെ ജൗഫ്, മാരിബ്, ബൈദ തുടങ്ങിയ വിവിധ മേഖലകളിലും ശക്തമായ പോരാട്ടമാണ് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

