തമിഴ്നാട്ടിലെ തേനി ജില്ലയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ചാടിയ സംഭവം വൻ സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കി. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി അഭിനയിക്കുകയും, സെൽ തുറന്നെത്തിയ ജയിൽ ജീവനക്കാരെ ആക്രമിച്ച് പ്രതികൾ രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്കാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പോലീസ് കോൺസ്റ്റബിൾ ജി.
തങ്കപാണ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാരുടെ പരുക്കുകൾ ഗുരുതരമല്ല.
ജയിൽ ചാടിയവരിൽ നാലുപേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തടവുചാടിയ പ്രതികൾ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
കമ്പം, കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി. പ്രദേശവാസികൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികളെ കണ്ടെത്താനായി 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. ഡിണ്ടിഗൽ ജില്ലയിലുടനീളം 16 ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനകൾ പുരോഗമിക്കുകയാണ്.
കൂടാതെ, തടവുചാടിയവരുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും കേരള പോലീസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ സുരക്ഷാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

