എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴയിലേക്ക് നീട്ടുന്നതിന് പകരം പുതിയ ട്രെയിൻ അനുവദിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. ധൻബാദ് എക്സ്പ്രസിന്റെ സമയക്രമത്തിൽ ആലപ്പുഴയിൽ നിന്ന് ഷൊർണൂരിലേക്കോ ഗുരുവായൂരിലേക്കോ പുതിയ ട്രെയിൻ ഓടിക്കുന്ന കാര്യമാണ് റെയിൽവേ സജീവമായി പരിഗണിക്കുന്നത്.
ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് വരെ നീട്ടിയ പശ്ചാത്തലത്തിൽ, എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ആലപ്പുഴയിലേക്ക് നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ടാറ്റാനഗർ എക്സ്പ്രസിന്റെ സമയത്ത് ആലപ്പുഴ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവുണ്ടാകാൻ സാധ്യതയില്ലെന്നതും, ഈ ട്രെയിനിന്റെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ കുറവാണെന്നതുമാണ് ഈ ആവശ്യം റെയിൽവേ തള്ളിക്കളയാൻ കാരണം.
തീരദേശ റെയിൽപാതയുടെ ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ മെയ്ന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചുനീക്കാനും റെയിൽവേ ഇതിനോടകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദീർഘദൂര ട്രെയിനുകൾ ആലപ്പുഴയിലേക്ക് നീട്ടുന്നതിന് ഈ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ദീർഘദൂര സർവീസുകളുടെ സുഗമമായ നടത്തിപ്പിനും അറ്റകുറ്റപ്പണികൾക്കും പിറ്റ് ലൈൻ അത്യാവശ്യമാണ്. ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടിയതോടെ സമയക്രമത്തിൽ മാറ്റം വരുമോ എന്ന ആശങ്ക സ്ഥിരം യാത്രക്കാർ ഇതിനകം തന്നെ ഉന്നയിച്ചിരുന്നു.
അതിരാവിലെ എറണാകുളം, തൃശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന ജില്ലയിലെ ജനങ്ങളുടെ ആശ്രയമാണ് നിലവിലെ ധൻബാദ് ട്രെയിൻ. രാവിലെ 6 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 7.30 ഓടെ എറണാകുളത്ത് എത്തിച്ചേരും.
എന്നാൽ തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 3.30ന് എങ്കിലും പുറപ്പെട്ടാലേ രാവിലെ 6 മണിക്ക് ആലപ്പുഴയിൽ എത്താൻ സാധിക്കൂ. ഈ സമയക്രമം പാലിക്കാനാകുമോ എന്ന ആശങ്കയാണ് യാത്രക്കാർ പങ്കുവെക്കുന്നത്.
അതിരാവിലെ പുതിയൊരു ട്രെയിൻ കൂടി അനുവദിച്ചാൽ ഈ യാത്രാക്ലേശത്തിന് പരിഹാരമാവുകയും, ധൻബാദിനൊപ്പം രാവിലെ മറ്റൊരു സർവീസ് കൂടി യാത്രാനുഭവമായി ലഭിക്കുകയും ചെയ്യും. അതേസമയം, ധൻബാദ് എക്സ്പ്രസ് എന്നു മുതലാണ് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നീട്ടുന്നത് എന്നത് സംബന്ധിച്ച് റെയിൽവേ ഇതുവരെ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.
നിലവിൽ ആലപ്പുഴയിൽ നിന്ന് തന്നെയാണ് ഈ ട്രെയിൻ സർവീസ് നടത്തിവരുന്നത്. ധൻബാദിന്റെ നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തിയാൽ പുതിയ സർവീസ് വേണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമാകാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

