തിരുവനന്തപുരം ∙ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്നു ഗവർണർ രാഷ്ട്രപതിക്കു ശുപാർശ ചെയ്ത സംഭവത്തിൽ, തുടർനടപടികൾ സംബന്ധിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷനിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇന്നലെ ചേർന്ന കമ്മീഷൻ യോഗത്തിലും ഈ വിഷയത്തിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
ഗവർണറുടെ ശുപാർശ രാഷ്ട്രപതി, സുപ്രീം കോടതിക്ക് അയച്ച ശേഷമായിരിക്കും തുടർനടപടികൾ സംബന്ധിച്ച് പിഎസ്സി ഔദ്യോഗികമായി തീരുമാനമെടുക്കുക. എന്നാൽ, നിലവിലെ പ്രതിസന്ധിക്ക് കാരണം ചെയർമാൻ എം.ആർ.ബൈജുവിന്റെ ഏകാധിപത്യനിലപാടുകളാണെന്ന കടുത്ത ആക്ഷേപം പിഎസ്സി അംഗങ്ങൾക്കിടയിൽ ശക്തമാണ്.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിച്ചിട്ടും ചെയർമാൻ അത് പൂർണ്ണമായി അവഗണിക്കുകയായിരുന്നുവെന്ന് വിമർശനമുണ്ട്. ഈ നടപടിയാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ ഇത്രത്തോളം സങ്കീർണ്ണമാകാനും എസ്ഐടി അന്വേഷണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരാനും കാരണമായതെന്ന് ഒരുവിഭാഗം അംഗങ്ങൾ ശക്തമായി കരുതുന്നു.
ഗവർണറുടെ ശുപാർശയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള ഭിന്നതകൾ രമ്യമായി പരിഹരിച്ച് അംഗങ്ങൾക്കിടയിൽ ഐക്യം പുനഃസ്ഥാപിക്കാൻ പിഎസ്സി ചെയർമാന്റെ നേതൃത്വത്തിൽ വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ലെന്നാണു വിവരം. ഇതിനിടെ, പിഎസ്സിയിലെ ചില അംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ അനൗദ്യോഗികമായി ധരിപ്പിച്ചിട്ടുണ്ട്.
സമാനമായ രീതിയിൽ ഉദ്യോഗാർഥികളും മുഖ്യമന്ത്രിക്കു പരാതികളും വിവരങ്ങളും കൈമാറിയിരുന്നു. നിലവിൽ ചെയർമാനും ഏതാനും അംഗങ്ങളും ഒരുചേരിയിലും, ബാക്കിയുള്ളവർ മറുചേരിയിലും നിലയുറപ്പിച്ചിരിക്കുന്ന ചേരിപ്പോരിന്റെ അവസ്ഥയാണു കമ്മീഷനിലുളളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

