അസമിലെ ഗുവാഹത്തിയിൽ ഉണ്ടായ വെടിവയ്പിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം. ഗുവാഹത്തിയിലെ ജി.എസ് റോഡിൽ ബോറ സർവീസ് മേഖലയിലുള്ള ‘ഹോട്ടൽ ബിലാസ് ഇൻ’ എന്ന ഹോട്ടലിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ സംഭവം നടക്കുന്നത്.
സംഭവസ്ഥലത്തു വെച്ച് നാല് പേരും, ചികിത്സയിലിരിക്കെ രണ്ട് പേരുമാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരേ കുടുംബത്തിലെ നാല് അംഗങ്ങളും ഉൾപ്പെടുന്നുണ്ട്.
സത്യേന്ദ്ര പഥക്, നാരായൺ ദാസ് എന്നിവരെയാണ് മരണപ്പെട്ടവരിൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഹോട്ടലിന്റെ സ്വീകരണ കൗണ്ടറിന് സമീപം ഇരുന്നവരാണ് അക്രമത്തിന്റെ ഇരകളായത്.
ഈ സമയം ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 25 ൽ താഴെ ആളുകൾ മാത്രമാണ് റസ്റ്ററന്റിൽ ഉണ്ടായിരുന്നത്. പൊലീസ് ആസ്ഥാനത്തുനിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലാണ് ഈ വലിയ സുരക്ഷാ വീഴ്ചയും ആക്രമണവും അരങ്ങേറിയത്.
ആക്രമണത്തിന് പിന്നാലെ അടിയന്തരമായി നടത്തിയ അന്വേഷണത്തിൽ ഘനകാന്ത ഗൊഗോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഹോട്ടലിന്റെ കരാറുമായി ബന്ധപ്പെട്ട തർക്കമാണ് ഈ വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

