തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ നിന്ന് ദിവസേനയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ. സ്വകാര്യ വാഹനങ്ങൾക്ക് പുറമേ കെഎസ്ആർടിസി ബസുകളിലും വലിയ തോതിൽ ആളുകൾ മലകയറുന്നുണ്ട്.
മലമുകളിൽ പരമാവധി സമയം ചെലവഴിച്ച ശേഷം സന്ദർശകർ ഒരേസമയം മടങ്ങാൻ തീരുമാനിക്കുന്നതാണ് വൈകുന്നേരങ്ങളിലെ യാത്രാദുരിതത്തിന് കാരണം. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി പ്രാബല്യത്തിൽ വന്നതോടെ പൊന്മുടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചെങ്കിലും, അതിനനുസൃതമായ ബസ് സർവീസുകൾ ലഭ്യമല്ല.
പൂജാ അവധി ദിവസങ്ങളിൽ പൊന്മുടിയിൽ നിന്നു വിതുരയിലേക്കു പുറപ്പെട്ട ബസുകളെല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.
‘ഒരു ബസ് പുറപ്പെടുമ്പോൾ നാല് ബസിനുള്ള ആൾ പുറത്ത്’ എന്നാണ് പൊന്മുടിയുടെ ഇപ്പോഴത്തെ യാത്രാവസ്ഥ. അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നുണ്ടെങ്കിലും, അത് യാത്രാതിരക്ക് പരിഹരിക്കാൻ തികയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആളുകളുമായി ബസുകൾ മലയിറങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. അതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരവും ക്രിയാത്മകവുമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.
ഇതിനിടെ തുലാവർഷം ആരംഭിച്ചതോടെ പൊന്മുടി സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളുടെ യാത്രാബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
ഇടവേളകളിൽ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ അവ പര്യാപ്തമല്ല. പ്രദേശത്തേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അനുകൂല തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

