ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പിന്നീട് ബെൽജിയത്തിലേക്കും സ്പെയിനിലേക്കും ഇറ്റലിയിലേക്കും അതിവേഗം വ്യാപിക്കുകയാണുണ്ടായത്.
ഈ പ്രക്ഷോഭങ്ങൾ വലിയ തോതിലുള്ള കലാപങ്ങളായി രൂപാന്തരപ്പെട്ടത് പലരിലും കടുത്ത അമ്പരപ്പും ഞെട്ടലുമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഫ്രാൻസിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സമാനമായതോ അതിനേക്കാൾ തീവ്രമായതോ ആയ മുന്നേറ്റങ്ങളും സമരങ്ങളും രാജ്യത്ത് ഇതിനുമുൻപും ഉണ്ടായിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നിരുന്നാലും ഇന്നത്തെ സാഹചര്യം പൂർണ്ണമായും വ്യത്യസ്തമാണ്. സമരം ഫ്രഞ്ചുകാർ മാത്രമായിരുന്നില്ല തെരുവിൽ തുടങ്ങിയത്, മറിച്ച് വിദ്യാർത്ഥികൾ തുടക്കമിട്ട
പ്രക്ഷോഭം മറ്റാരോ ഏറ്റെടുത്തുവെന്ന തോന്നലാണ് പൊതുജനങ്ങളിൽ ഉണ്ടായത്. രാജ്യത്തിന്റെ ദേശീയ സ്മാരകങ്ങളും അഭിമാനകരമായ കെട്ടിടങ്ങളും തകർത്ത് തീയിട്ടത് തങ്ങളല്ലെന്നാണ് ഫ്രഞ്ച് ജനത ആവർത്തിച്ചു വ്യക്തമാക്കുന്നത്.
സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്ന പലതും നഷ്ടപ്പെട്ടതിന്റെ ഞെട്ടലും, ഇതിന് പിന്നിൽ ആരാണെന്ന ചോദ്യവുമാണ് ഒടുവിൽ ബാക്കിയായത്. സോഷ്യൽ മീഡിയയിലൂടെ പലവിധ ഗൂഢാലോചന കഥകളും ആരോപണങ്ങളും അതിവേഗം പ്രചരിച്ചു.
ഒപ്പം പ്രമുഖരായ പല വ്യക്തികളും തങ്ങളുടെ അഭിപ്രായങ്ങളും മുന്നറിയിപ്പുകളും പങ്കുവെക്കുകയുണ്ടായി. ഫോക്സ് ന്യൂസിന്റെ ഒരു റിപ്പോർട്ട് നിരവധി മാധ്യമങ്ങൾ പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയുമുണ്ടായി.
എന്നാൽ പല ചോദ്യങ്ങൾക്കും ഇപ്പോഴും കൃത്യമായ ഉത്തരങ്ങൾ ലഭ്യമല്ല, സംശയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. യൂറോപ്പിലെ പല രാജ്യങ്ങളും നിലവിൽ കടുത്ത ആശങ്കയുടെ മുൾമുനയിലാണ്.
‘യൂറോപ്പിന്റെ MULTICULTURAL പരീക്ഷണങ്ങളുടെ അനന്തരഫലം’ എന്ന വിമർശനവും ഇതോടൊപ്പം വ്യാപകമായി ഉയർന്നുവരുന്നുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഈ സാഹചര്യം വലിയ രീതിയിൽ ആഘോഷമാക്കുകയാണ് ചെയ്തത്.
സ്കൂളുകളിലെ പഠനസമയവും അധ്യാപകരുടെ കുറവും ക്ലാസ് റൂമുകളിലെ കുട്ടികളുടെ എണ്ണവും കെട്ടിടങ്ങളുടെ പഴക്കവുമൊക്കെ ഉന്നയിച്ചാണ് ഈ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സമരത്തിന്റെ സ്വഭാവം പൂർണ്ണമായും മാറിമറിഞ്ഞു.
തൊഴിലാളി യൂണിയനുകൾ സമരമുഖത്തേക്ക് ഇറങ്ങിവന്നു. ജീവിതച്ചെലവ് വർദ്ധിച്ചതായിരുന്നു അവരുടെ പ്രധാന വിഷയം.
ജനം തെരുവുകളിലേക്ക് ഒഴുകിയെത്തി. പിന്നീട് അവിടെ തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് കണ്ടത്.
കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ച മനുഷ്യർ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. അത് പിന്നീട് സാധാരണ പ്രതിഷേധമായിരുന്നില്ല, മറിച്ച് വലിയ തോതിലുള്ള കൊള്ളയും അക്രമങ്ങളുമായി മാറി.
കടകൾ തകർത്ത് കൊള്ളയടിക്കുകയും, എതിർത്തവരെ ഭീഷണിപ്പെടുത്തുകയും, കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തു. LIMOGES നഗരത്തിലെ സിറ്റി ഹാൾ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ തന്നെ പ്രതീകമായിരുന്നു.
ശിൽപചാതുരിയുടെ ഉത്തമ മാതൃകയായ, 1883-ലെ ബസ്തീൽ ദിനത്തിൽ തുറന്ന ഈ ഹാൾ രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച ഒന്നാണ്. ജനങ്ങളുടെ വലിയ അഭിമാനമായിരുന്ന ഈ കെട്ടിടത്തിന് കലാപകാരികൾ തീയിടുകയായിരുന്നു.
യാദൃശ്ചികമായി സംഭവിച്ചതല്ലാതെയോ, എല്ലാ തടസ്സങ്ങളും നീക്കി അകത്തുകടന്നാണ് മനഃപൂർവം ഇതിന് തീയിട്ടത്. 143 വർഷത്തോളം പഴക്കമുള്ള രാജ്യത്തിന്റെ അഭിമാനസ്തംഭം പൂർണ്ണമായും കത്തിനശിച്ചു.
പ്രാദേശിക ജനങ്ങളുടെ അമ്പരപ്പ് ഇതുവരെയും വിട്ടുമാറിയിട്ടില്ല. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും, ആര് തീ വെച്ചതായാലും പുനർനിർമ്മാണത്തിന്റെ മുഴുവൻ ചെലവും അവർ തന്നെ വഹിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
നോത്ര് ദാം പുനർനിർമ്മിച്ചതുപോലെ ഇതിനും കോടിക്കണക്കിന് രൂപ വേണ്ടിവരുമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ഫ്രാൻസിന് പിന്നാലെ ബെൽജിയത്തിലും സമാനമായ പ്രതിഷേധങ്ങൾ ആരംഭിച്ചു.
സ്കൂൾ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ഫ്രഞ്ച് സംസാരിക്കുന്ന ജനവിഭാഗങ്ങളുടെ മേഖലയിലാണ് അവിടെ സമരം തുടങ്ങിയത്. ഇറ്റലിയിൽ ജനങ്ങൾ തെരുവിലിറങ്ങിയത് ജീവിതച്ചെലവ് കൂടിയതും താമസസൗകര്യം ലഭ്യമല്ലാത്തതും ചൂണ്ടിക്കാണിച്ചാണ്.
കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധക്കാരെ തടയാൻ പൊലീസ് രംഗത്തിറങ്ങിയതോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഫ്രാൻസിലെ പോലെതന്നെ മാസ്ക് ധരിച്ച യുവാക്കൾ രംഗത്തിറങ്ങി സകലതും തകർക്കുകയും തീയിടുകയും ചെയ്തു.
കടകൾ തകർത്ത് അകത്തുകയറി വ്യാപകമായ കൊള്ളയും നടന്നു. തുടർദിവസങ്ങളിലും ഈ അക്രമങ്ങൾ ആവർത്തിക്കപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് 271 പേരെ പൊലീസ് തടഞ്ഞുവെച്ചു. ആകെ 32 പേരെ അറസ്റ്റ് ചെയ്തതിൽ 23 പേരും പ്രായപൂർത്തിയാകാത്തവരാണ്.
അതിൽ 13 പേർ വിദേശികളുമാണ്. ഇതിനെത്തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മെലണി പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകി.
കുട്ടികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് മാതാപിതാക്കൾ തന്നെ പിഴയടക്കേണ്ടിവരുമെന്നും അവർ വ്യക്തമാക്കി. ഉയർന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് തെക്കൻ ഇറ്റലിയിൽ ലോറി ഡ്രൈവർമാരും റോഡുകളിൽ ലോറികൾ നിരത്തിയിട്ട് സമരരംഗത്തിറങ്ങി, ഇത് നിയമവിരുദ്ധമായ നടപടിയായിരുന്നു.
തുടർന്ന് പോർച്ചുഗലിലും ഗ്രീസിലും സമാനമായ സമരങ്ങൾ ആരംഭിച്ചു. താമസച്ചെലവിലെ വർദ്ധനവും അത് കണ്ടെത്താനുള്ള പ്രയാസങ്ങളുമാണ് അവിടെ പ്രശ്നമായത്.
ജർമ്മനിയിൽ വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയത് നിർബന്ധിത സൈനിക സേവനത്തിനെതിരെയാണ്. അൽബേനിയൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്നിൽ മുൻകാലങ്ങളിലെ സർക്കാരിനോടുള്ള എതിർപ്പാണ് ഉള്ളത്.
സെർബിയയിൽ അലക്സാണ്ടർ വൂസിക്കിനെതിരെ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ യുവതലമുറ മത്സരരംഗത്തേക്ക് ഇറങ്ങുന്നതിലാണ് എത്തിനിൽക്കുന്നത്. ഇത് വൂസിക്കിന്റെ അധികാര നഷ്ടത്തിന് കാരണമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അങ്ങനെ സംഭവിച്ചാൽ അത് യൂറോപ്പിനെ തന്നെ ബാധിക്കുന്ന ഒന്നായി മാറും. പ്രക്ഷോഭങ്ങൾ ഫ്രാൻസിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത്രയും കാര്യങ്ങൾ പറയുന്നത്.
പ്രതിഷേധങ്ങൾക്ക് അടിസ്ഥാനമായ കാരണങ്ങൾ നിലവിലുണ്ടെങ്കിലും, അത് അതിവേഗം അക്രമത്തിലേക്ക് വഴിമാറിയത് വളരെ അപകടകരമായ ഒരു പ്രവണതയാണ്. ഇറ്റലിയിൽ കൗമാരക്കാർ മാസ്ക് ധരിച്ച് തെരുവിൽ ഇറങ്ങിയത് ടിക്ടോകിലൂടെ പ്രചരിച്ച ആഹ്വാനങ്ങൾ അനുസരിച്ചായിരുന്നു.
ഇതിന് പിന്നിൽ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഉയരുന്നത്. ഒരു തലമുറയുടെ ആശങ്കകളും, ഒരിടത്തെ സമരക്കാഴ്ചകൾ മറ്റൊരു രാജ്യത്തെ യുവാക്കൾക്ക് പകരുന്നത് വഴി സമാനമായ പ്രശ്നങ്ങളുടെ പേരിൽ അവിടെയും സമരങ്ങൾ ആരംഭിക്കുന്നതുമായ കാഴ്ചയാണ് കണ്ടത്.
പല രാജ്യങ്ങളിലേക്കും വിവിധ പ്രായത്തിലുള്ള ആളുകളിലേക്കും ഇത് പടർന്നു. ഇറ്റലിയിലെ ലോറി ഡ്രൈവർമാരെപ്പോലെ അവരവരുടെ പ്രശ്നങ്ങളുമായി എല്ലാവരും തെരുവിലിറങ്ങി.
ഇതിനൊക്കെ പിന്നിൽ ഒരു ഏകീകൃത സ്വഭാവമുണ്ടെന്ന തോന്നൽ പല കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. യൂറോപ്പിലെ നേതാക്കൾ ഇതിന് പിന്നിൽ തീവ്ര ഇടതാണെന്ന് കുറ്റപ്പെടുത്തുമ്പോൾ, തീവ്ര വലതുപക്ഷം ഈ സാഹചര്യങ്ങളെല്ലാം ഭരണകൂടത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് ചെയ്തത്.
ലിബറലുകളുടെ അതിരുവിട്ട സ്വാതന്ത്ര്യബോധമാണ് ഇതിനെയെല്ലാം നയിച്ചതെന്ന് ഒരു വലിയ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്പിന്റെ അഭയാർത്ഥി നയം വലിയ രീതിയിൽ തിരിച്ചടിച്ചുവെന്നും എല്ലാം കൈവിട്ടുപോയെന്നും മറ്റുള്ളവർ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇതൊന്നുമല്ല, ഇതിന് പിന്നിൽ പൂർണ്ണമായും സാമ്പത്തിക പ്രശ്നങ്ങളാണ് ഉള്ളതെന്ന് വ്യാഖ്യാനിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്.
ഫ്രാൻസിലെ പ്രക്ഷോഭത്തിനിടയിൽ പലസ്തീൻ പതാകകൾ ഉയർന്നതും വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചു. ഫ്രാൻസിലെ സ്കൂളുകളിലെ പ്രശ്നങ്ങളും പലസ്തീനും തമ്മിൽ എന്താണ് ബന്ധമെന്ന ചോദ്യവും ഉയർന്നു.
യൂറോപ്പിലെ അഭയാർത്ഥികൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഇതിനെതിരെ പ്രതികരിക്കുകയുണ്ടായി. യൂറോപ്പിലാകെ പടർന്ന ഈ കലാപങ്ങൾക്ക് പിന്നിൽ ഒരൊറ്റ ആഗോള ശൃംഖലയുടെ ഇടപെടലുകൾ ഉണ്ടെന്നാണ് FOX NEWS റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 101 സംഘടനകളാണ് ഇതിന് പിന്നിലുള്ളത്. മാധ്യമപ്രവർത്തകയായ ASRA NOMANI തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതും സംഘടിപ്പിക്കുന്നതും, അത് കലാപമാക്കി മാറ്റണോ എന്ന് തീരുമാനിക്കുന്നതും ഈ സംഘടനകളാണ്.
കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, പൗരാവകാശ സംഘടനകൾ, മാധ്യമങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുവെന്നാണ് നൊമാനി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. സമാനമായ ഒരു നെറ്റ്വർക്കിനെക്കുറിച്ച് ഫോക്സ് ന്യൂസ് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഇത്തവണ ഫ്രാൻസിലെയും ഇന്ത്യയിലെയും പ്രതിഷേധങ്ങളെ ബന്ധിപ്പിക്കുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളെക്കൂടി ഉദ്ധരിച്ചാണ് നൊമാനിയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. യു.എസ് ടെക് ഭീമനായ NEVILLE ROY SINGHAM ന്റെ പങ്കും ഫോക്സ് റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ശ്രീലങ്കൻ കുടിയേറ്റക്കാരുടെ മകനായ സിങ്കം നിലവിൽ ചൈനയിലാണ് താമസിക്കുന്നത്. ഇയാളുടെ ഫണ്ടിംഗ് ലഭിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ബന്ധമുള്ള മറ്റൊരു ഗ്രൂപ്പിന് ഇന്ത്യയിലെയും ഫ്രാൻസിലെയും പ്രതിഷേധങ്ങളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
CODEPINK, BREAKTHROUGH NEWS, INDIAN ALLIANCE PARIS തുടങ്ങി നിരവധി സംഘടനകളുടെ പേരുകളാണ് ഈ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ഏറ്റെടുക്കുന്ന വിവിധ സംഘടനകൾക്ക് സിങ്കം വൻതോതിൽ ഫണ്ട് നൽകുന്നുണ്ട്.
ഇന്ത്യയിലെ NEWSCLICK-ന് സിങ്കം ഫണ്ടിംഗ് നൽകിയിട്ടുണ്ടെന്ന കണ്ടെത്തലാണ് അതിന്റെ സ്ഥാപകൻ പ്രബീർ പുർകായസ്തയുടെ അറസ്റ്റിലേക്ക് നയിച്ചത്. ചൈനീസ് താൽപ്പര്യങ്ങൾ നടപ്പിലാക്കാനാണ് ഈ ഫണ്ടിംഗ് നൽകിയതെന്നായിരുന്നു പ്രധാന ആരോപണം.
അമേരിക്കൻ കോൺഗ്രസും സിങ്കവുമായി ബന്ധമുള്ള ഇത്തരം സംഘടനകളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. ചൈനീസ് സ്വാധീനമുണ്ടെന്ന സംശയത്തെ തുടർന്നാണിത്.
ഇതിന്റെ ഭാഗമായി മൂന്ന് സംഘടനകൾക്ക് സമൻസുകളും അയച്ചിട്ടുണ്ട്. PEOPLES FORUM, BREAKTHROUGH NEWS, TRICONTINENTAL എന്നിവയാണ് ആ സംഘടനകൾ.
ഇതിൽ പല സംഘടനകളും ഇന്ത്യയിലെയും ഫ്രാൻസിലെയും പ്രതിഷേധങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. മറ്റൊരു സംഘടന ഇതിനെക്കുറിച്ച് പ്രത്യേക ബ്രീഫിംഗും നടത്തുകയുണ്ടായി.
ഫ്രാൻസിലെ പ്രതിഷേധങ്ങളിൽ ഇടതുപക്ഷ സംഘടനകളുടെ ഇടപെടൽ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. കുടിയേറ്റക്കാരെ കുറ്റപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയെ തിരുത്തിയ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ഇതിൽ തീവ്ര ഇടതിനെയാണ് പ്രധാനമായും കുറ്റപ്പെടുത്തിയത്.
വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ ഇടതുപക്ഷവുമായി ബന്ധമുള്ള യൂണിയനുകളും രാഷ്ട്രീയ സംഘടനകളും ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടും വ്യക്തമാക്കുന്നത്. രാജ്യത്ത് 3000-ത്തോളം കടകളും വ്യവസായ സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ വലിയൊരു പങ്കും കൊള്ളക്കാർ മുഖം പോലും മറയ്ക്കാൻ മിനക്കെടാതെ ഉടൻതന്നെ ഓൺലൈൻ വഴിയാണ് വിൽപനയ്ക്ക് വെച്ചത്. ഈ സംഭവവികാസങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരിയുള്ള ചർച്ചകളാണ് നടത്തുന്നത്.
ഫ്രാൻസിലെ തീവ്ര ഇടതുപക്ഷം ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായി നിഷേധിക്കുകയാണുണ്ടായത്. LFI നേതാവായ JEAN LUC MELENCHON ആദ്യദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
സെപ്റ്റംബറിൽ സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭത്തിൽ എൽ.എഫ്.ഐ നേതാക്കൾ സജീവമായി പങ്കെടുത്തിരുന്നു എന്നതാണ് വസ്തുത. രാഷ്ട്രീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തുമ്പോൾ, ഈ പ്രതിഷേധങ്ങളും വഴിവിട്ട
അക്രമങ്ങളും ആത്യന്തികമായി നേട്ടമുണ്ടാക്കിയത് തീവ്ര വലതുപക്ഷത്തിനാണ്. സർക്കാർ സംവിധാനങ്ങളുടെയും കുടിയേറ്റ നയങ്ങളുടെയും പൂർണ്ണ പരാജയമാണിതെന്ന് തീവ്ര വലതുപക്ഷ നേതാവായ MARINE LE PEN ശക്തമായി ആരോപിക്കുന്നു.
അതിർത്തികൾ എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഒപ്പം തീവ്ര ഇടതിനെതിരെയും അവർ വിമർശനം ഉന്നയിക്കുന്നു.
നിലവിലെ അഭിപ്രായ സർവേകളിൽ അവർ മുൻപന്തിയിലാണ് നിൽക്കുന്നത്. രാജ്യത്ത് ആറുമാസത്തിന് ശേഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സംഭവങ്ങൾ.
പ്രതിഷേധത്തിനിടയിൽ പലസ്തീൻ പതാകകൾ കണ്ടതുമായി ബന്ധപ്പെട്ടും വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. ഫ്രാൻസിലെ അടിസ്ഥാനപരമായ സാമൂഹിക പ്രശ്നങ്ങൾക്കിടയിൽ എന്തിനാണ് പലസ്തീൻ പതാക ഉയർന്നത് എന്ന ചോദ്യം പ്രസക്തമാണ്.
ഈഫൽ ടവറിന് മുകളിൽ പലസ്തീൻ പതാക ഉയർന്നു എന്ന പ്രചാരണം എഐ നിർമ്മിതമാണെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, മറ്റ് പല പ്രദേശങ്ങളിലും പലസ്തീൻ പതാകകൾ ഉയർന്നിരുന്നു എന്നത് വാർത്താ ഏജൻസികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നിലവിലുള്ള വ്യവസ്ഥിതികളെയും സ്ഥാപനങ്ങളെയും എതിർക്കുന്ന തീവ്ര ഇടത് എല്ലാത്തരം സംഘർഷങ്ങളെയും തങ്ങൾക്ക് അനുകൂലമായി മുതലെടുക്കാൻ ശ്രമിക്കുന്നതുപോലെ ഈ പ്രതിഷേധവും അവർ ഉപയോഗപ്പെടുത്തിയെന്നാണ് സർക്കാർ പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇതിനോടൊപ്പം കുടിയേറ്റ വിരുദ്ധരും മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർക്കുന്നുണ്ട്.
മതപരമായ ആധിപത്യം സ്ഥാപിക്കാനായി ഇസ്ലാമിക വാദികൾ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങൾ കൂടിയാണ് ഇതിന് പിന്നിൽ നടക്കുന്നത് എന്നാണ് അവരുടെ വ്യാഖ്യാനം. ലക്ഷ്യങ്ങൾ രണ്ടമാണെങ്കിലും ശത്രു ഒന്നാണ്, അത് തിരഞ്ഞെടുക്കപ്പെട്ട
സർക്കാരാണ്. ഇത്തരത്തിലുള്ള കക്ഷികൾ മുൻപും കൈകോർത്ത ചരിത്രമുണ്ട്.
ഇറാനിലെ ഇസ്ലാമിക വിപ്ലവ കാലത്ത് ഖൊമൈനിയെയും ഇസ്ലാമിക വാദികളെയും തീവ്ര ഇടത് പിന്തുണച്ചിരുന്നു. എന്നാൽ അധികാരത്തിൽ ഏറിയ ഉടൻ ഖൊമൈനി തങ്ങൾക്ക് എതിരുനിന്ന ഇടത് ചായ്വുള്ളവരെപ്പോലും തടവിലാക്കുകയും വധിക്കുകയും ചെയ്യുകയാണുണ്ടായത്.
സമാനമായ ഒരു സഖ്യം നിലവിൽ യൂറോപ്പിലും രൂപപ്പെട്ടിരിക്കുകയാണെന്നാണ് കുടിയേറ്റ വിരുദ്ധരുടെ പക്ഷം. അഭയാർത്ഥികൾക്കായി വാതിലുകൾ തുറന്നുകൊടുക്കുകയും അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്ത ഫ്രാൻസ് പോലുള്ള രാജ്യങ്ങളുടെ MULTICULTURAL നയം പൂർണ്ണ പരാജയമായി മാറിയിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
എങ്കിലും ഫ്രാൻസിലെ സർക്കാർ തൽക്കാലം കുടിയേറ്റക്കാരെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ല. ഫ്രാൻസിൽ പ്രതിഷേധങ്ങൾ പുത്തരിയല്ല, അവയിൽ പലതും മുൻപും അക്രമത്തിൽ കലാശിച്ചിട്ടുമുണ്ട്.
കൂട്ടായ്മയുടെ സ്വത്വവും രാഷ്ട്രീയ സമൂഹവും രൂപപ്പെടാൻ ഇത്തരം പ്രതിഷേധങ്ങൾ ആവശ്യമാണെന്ന നിലപാടുള്ള നിരീക്ഷകരുമുണ്ട്. എന്നാൽ ഇത്തവണത്തെ സംഭവങ്ങൾക്ക് പിന്നിൽ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്നം.
യൂറോപ്പിലാകെ അക്രമങ്ങൾ പടരുന്നുവെന്നും യൂറോപ്പ് മൊത്തത്തിൽ അസ്ഥിരമാകുന്നുവെന്നുമുള്ള രീതിയിലുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്ന സംശയവും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നു. നിലവിലുള്ള ഭിന്നതകൾക്ക് ആഴംകൂട്ടി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന നിരീക്ഷണവുമുണ്ട്.
രാഷ്ട്രീയ ശക്തികൾ ഉൾപ്പെടെയുള്ള പല ബാഹ്യശക്തികളും ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നതും വ്യക്തമായ വസ്തുതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

