സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്. 27 വരെ സംസ്ഥാനത്ത് മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാകുന്ന ജില്ലകളുടെ പട്ടികയിൽ മുൻപന്തിയിലാണ് പത്തനംതിട്ട.
അതിനാൽ മാനത്തു മഴ മേഘങ്ങൾ രൂപം കൊള്ളുമ്പോൾ തന്നെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറാൻ ശ്രദ്ധിക്കുക.
ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ തുടരുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.
ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ:
∙ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
∙ മഴക്കാറ് കാണുന്ന സമയത്ത് തുണികൾ എടുക്കാനായി ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ളപ്പോൾ ഒഴിവാക്കേണ്ടതാണ്.
∙ മിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
∙ മിന്നലുള്ളപ്പോൾ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
∙ മിന്നലുള്ളപ്പോൾ കുളിക്കുന്നത് ഒഴിവാക്കുക.
ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കേണ്ടതാണ്, കാരണം പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
∙ മിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.
∙ മിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അതീവ അപകടകരമാണ്. വാഹനങ്ങളുടെ ഉൾഭാഗം സുരക്ഷിതം
മിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക.
കൈകാലുകൾ പുറത്തിടരുത്. വാഹനങ്ങളുടെ ഉള്ളിൽ ഇരിക്കുന്നത് സുരക്ഷിതമാണ്.
എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിലുള്ള യാത്ര മിന്നൽ സമയത്ത് ഒഴിവാക്കണം. മിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുക.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. മിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാവുന്നതാണ്. പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത് മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ ചെയ്യാം.
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിനു പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
ആദ്യ 30 സെക്കൻഡ് നിർണ്ണായകമാണ്. കൃത്രിമശ്വാസവും മറ്റും നൽകി എത്രയും പെട്ടെന്നു വൈദ്യസഹായം ലഭ്യമാക്കണം.
ആപ്പിലൂടെ അറിയാം മിന്നൽ സാധ്യത മുൻകൂട്ടി മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

