ഇറാനുമായുള്ള ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ മുൻപ് യാതൊരു വ്യക്തതയുമില്ലാതെ അടച്ചുപൂട്ടിയ പാക്കിസ്ഥാൻ, കടുത്ത സാമ്പത്തിക തിരിച്ചടികളെ തുടർന്ന് ഒടുവിൽ ആ തീരുമാനം പിൻവലിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ച മുൻപാണ് ഈ നിർണായക പാതകൾ അധികൃതർ അടച്ചത്.
എന്നാൽ ഈ നടപടി പാക്കിസ്ഥാനെതിരെ തന്നെ തിരിയുന്ന സാഹചര്യമാണ് പിന്നീട് രൂപപ്പെട്ടത്. പ്രതിദിനം 7000 ടൺ എൽപിജിയാണ് ഇറാനിൽ നിന്ന് പാക്കിസ്ഥാൻ ഇറക്കുമതി ചെയ്തിരുന്നത്.
അതിർത്തികൾ അടച്ചതോടെ പാക്കിസ്ഥാനിൽ പാചകവാതക വില കുത്തനെ ഉയർന്നു. ബലൂചിസ്ഥാനിൽ 12 കിലോഗ്രാം എൽപിജി സിലണ്ടറിന് 4500 പാക്കിസ്ഥാനി രൂപയായിരുന്നത് 7000 രൂപയായും സ്കർദുവിൽ ഇത് 8200 രൂപയായും വർധിച്ചു.
ചില പ്രദേശങ്ങളിൽ വില 10,000 രൂപ വരെയായി ഉയർന്നത് ജനജീവിതം ദുസ്സഹമാക്കി. വില ഇനിയും ഉയരുമെന്ന ആശങ്ക ശക്തമായതോടെയാണ് പാക്കിസ്ഥാൻ സർക്കാർ നിലപാട് മയപ്പെടുത്താൻ നിർബന്ധിതരായത്.
ഇതിനിടെ സംഭവത്തിൽ വിശദീകരണവുമായി ഇറാൻ രംഗത്ത് വന്നിരുന്നു. ഇറാനിൽ നിന്നുള്ള എൽപിജി ഉൾപ്പെടെയുള്ള ചരക്കുകളുടെ കയറ്റുമതിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള അതിർത്തികൾ തുറന്നുതന്നെയാണ് കിടക്കുന്നത്. എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇ-ഫോം നടപടികളിലെ മാറ്റങ്ങൾ കാരണം വ്യാപാരികൾക്ക് ചരക്കുകൾ അയക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടായതായി ഇറാൻ ചൂണ്ടിക്കാട്ടി.
ഗ്വാദർ മേഖലയിലെ ഗബ്ദ്-റിംദാൻ ചെക്ക്പോസ്റ്റിൽ നൂറുകണക്കിന് ട്രിപ്പുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ചരക്കുനീക്കത്തെ സാരമായി ബാധിച്ചിരുന്നു. അതിർത്തി തുറന്നത് വ്യാപാരികൾക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസമാണെന്നും രാജ്യത്തെ എൽപിജി വില താഴാൻ ഇത് സഹായിക്കുമെന്നും ഗ്വാദർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് നവീദ് ജാൻ കൽമാട്ടി അറിയിച്ചു.
ശനിയാഴ്ച മുതൽ വ്യാപാര ഇടപാടുകൾ പുനരാരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാക്കിസ്ഥാൻ നടപടി ഇറാനിലെ വ്യവസായികളെയും ബാധിച്ചിരുന്നു.
ഇറാനിയൻ ശതകോടീശ്വരനായ ബാബക് സൻജാനി തങ്ങളുടെ എൽപിജി കയറ്റുമതി അഫ്ഗാനിസ്ഥാനിലേക്കും തുടർന്ന് ചൈനയിലേക്കും വഴിതിരിച്ചുവിട്ടു. താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കി, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വർധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
അമേരിക്കയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതീക്ഷിച്ച അളവിൽ എൽപിജി ലഭിക്കാതെ വന്നതോടെയാണ് പാക്കിസ്ഥാൻ ഒടുവിൽ ഇറാൻ അതിർത്തി വീണ്ടും തുറക്കാൻ തയ്യാറായത്. ഇറാനുമായി 909 കിലോമീറ്റർ അതിർത്തിയാണ് പാക്കിസ്ഥാൻ പങ്കിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

