അസര്‍ബൈജാനിലെ ബാക്കുവില്‍ പുരോഗമിക്കുന്ന പ്രഥമ ഫിഫ അണ്ടര്‍ 15 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ഉജ്ജ്വല വിജയം. കരുത്തരായ കാമറൂണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് കെയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. നിർണ്ണായകമായ പെനാല്‍റ്റി കിക്ക് തടഞ്ഞത് ഉള്‍പ്പെടെ നിരവധി ഗോളവസരങ്ങള്‍ രക്ഷപ്പെടുത്തിയ ഗോള്‍കീപ്പര്‍ ജെനിത് നിംഗ്തോയം ആണ് മത്സരത്തിലെ ഇന്ത്യയുടെ വിജയശില്പിയായി മാറിയത്.
കളിച്ച രണ്ട് മത്സരങ്ങളിലും വിജയം വരിച്ച ഇന്ത്യ ഗ്രൂപ്പില്‍ ശക്തമായ മുന്നേറ്റം തുടരുകയാണ്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളുടെയും പിഴവിലൂടെ രണ്ട് സെല്‍ഫ് ഗോളുകൾ പിറന്നതോടെ സ്കോര്‍ 1-1 എന്ന നിലയിലായി.
തുടര്‍ന്ന് രണ്ടാം പകുതിയിലാണ് ക്യാപ്റ്റന്‍ ആര് ലാല്റെംറോത്ഫെല ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. കനത്ത മഴ കാരണം വെള്ളം കെട്ടിനിന്ന ഗ്രൗണ്ടില്‍ കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഇന്ത്യ ലീഡ് പിടിക്കുകയായിരുന്നു.
ദീപക് സിംഗ് ആരാംബാം എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ കാമറൂണ്‍ താരം ഫറെയില്‍ എന്ഗോബോയുടെ തലയില്‍ തട്ടി വലയിലെത്തുകയായിരുന്നു (1-0). എന്നാല്‍ അധികം വൈകാതെ, ഇരുപതാം മിനിറ്റില്‍ എന്ഡാം മോക്തറിന്റെ ക്രോസ് ഇന്ത്യന്‍ താരം മുഹമ്മദ് സൊഹൈല്‍ ഖാന്റെ ദേഹത്ത് തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ കാമറൂണ്‍ ഒപ്പമെത്തി (1-1).
തുടര്‍ന്ന് ഇരുപത്തിയേഴാം മിനിറ്റിലാണ് മത്സരത്തിലെ വിധിനിര്‍ണ്ണായകമായ വിജയഗോള്‍ പിറന്നത്. ദീപക് നല്കിയ ലോ ക്രോസ് മനോഹരമായി ഇടംകാല് കൊണ്ട് ഫിനിഷ് ചെയ്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടീമിന് വീണ്ടും മുന്‍തൂക്കം നേടിക്കൊടുത്തു (2-1).
മുപ്പത്തിയൊന്നാം മിനിറ്റില്‍ കാമറൂണിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചെങ്കിലും, ഹരൂണ അബ്ദുല്ല എടുത്ത കിക്ക് വിശ്വസ്തതയോടെ തടഞ്ഞിട്ട ഗോളി ജെനിത് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.
പരിശീലകന് ബിബിയാനോ ഫെര്നാണ്ടസ്ന്റെ തന്ത്രങ്ങള്‍ക്ക് കീഴിലാണ് ഇന്ത്യന്‍ യുവനിര ഫിഫ അണ്ടര്‍ 15 ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 4-2 എന്ന സ്കോറിന് ലാവോസിനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
20 മിനിറ്റ് വീതമുള്ള രണ്ട് പകുതികളായാണ് കുട്ടികളുടെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

