ഗൾഫ് രാജ്യമായ കുവൈറ്റിൽ പ്രവാസി മലയാളി സമൂഹം ഒത്തുകൂടി കേരളത്തിന്റെ തനിമയും സംസ്കാരവും പ്രതിഫലിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ‘ഓണപ്പൊലിമ 2026’ ആഘോഷങ്ങളും അച്ചീവേഴ്സ് അവാർഡ് വിതരണവും സാംസ്കാരിക ലോകത്തിന്റെ ശ്രദ്ധ നേടി. വിവിധങ്ങളായ കലാപരിപാടികളും പരമ്പരാഗതമായ വിഭവസമൃദ്ധമായ ഓണസദ്യയും ഉൾക്കൊള്ളിച്ചുകൊണ്ട് നടന്ന ഈ സംഗമം കുവൈറ്റിലെ മലയാളികൾക്ക് ഒരു ചെറിയ കേരളത്തിന്റെ ദൃശ്യാനുഭവമായി മാറി.
ഒ.ഐ.സി.സി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ളയുടെ അധ്യത്യത്തിൽ ചേർന്ന ഔദ്യോഗിക ചടങ്ങ് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്ത് ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും മതനിരപേക്ഷതയും വലിയ തോതിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന ഏറ്റവും പ്രധാനപ്പെട്ട
അവകാശങ്ങളിലൊന്നായ വോട്ടവകാശം അട്ടിമറിക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചിന്താഗതിക്കാരായ മുഴുവൻ ആളുകളും ഒറ്റക്കെട്ടായി നിന്ന് ചെറുത്തുനിൽപ്പുകൾ നടത്തേണ്ടതുണ്ട്. ഡൽഹിയിൽ നടന്നുവരുന്ന സമരങ്ങളും പോരാട്ടങ്ങളും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും അവർ എടുത്തുപറഞ്ഞു.
വ്യത്യസ്ത അഭിപ്രായങ്ങളെയും ആരോഗ്യകരമായ വിമർശനങ്ങളെയും പൂർണ്ണമായി അടിച്ചമർത്തുന്നതിന് പകരം അവയെ ഉൾക്കൊണ്ട് ജാതിമത ഭേദമന്യേ മുന്നോട്ടുപോകണമെന്ന സന്ദേശമാണ് നമ്മുടെ മുൻതലമുറക്കാർ പകർന്നുനൽകിയിട്ടുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കർ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന പ്രവാസികളെയും സാധാരണക്കാരെയും ഒരുപോലെ ചേർത്തുപിടിക്കുന്ന നയമാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റേത്.
വിദ്യാഭ്യാസവും ആരോഗ്യവും അടക്കമുള്ള സുപ്രധാന മേഖലകളിൽ വൻ മാറ്റങ്ങൾ ലക്ഷ്യംവെച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള കുവൈറ്റിലെ പ്രവാസി മലയാളികളുടെ സജീവമായ സാന്നിധ്യം ഈ ആഘോഷങ്ങൾക്ക് അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ തനിമയുള്ള ഉത്സവാന്തരീക്ഷം സമ്മാനിച്ചു.
മലയാളികൾക്ക് പുറമെ മറ്റ് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശ പൗരന്മാരും ഈ സാംസ്കാരിക സംഗമത്തിൽ സന്നിഹിതരായിരുന്നു. പ്രവാസലോകത്തിന്റെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വലിയ വേദിയായി ‘ഓണപ്പൊലിമ 2026’ മാറി.
ഒ.ഐ.സി.സി കുവൈറ്റ് കൾച്ചറൽ വിംഗിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് അവതരിപ്പിച്ച ‘തൂഫാൻ’ അടിസ്ഥാനമാക്കിയുള്ള ‘കലിങ്ക് പറഞ്ഞ കഥ’ എന്ന ലഘുനാടകം സദസ്സിന്റെ വലിയ പ്രശംസ പിടിച്ചുപറ്റി. ആഘോഷങ്ങളുടെ ഭാഗമായി സി.ബി.എസ്.ഇ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വേദിയിൽ വെച്ച് ‘അച്ചീവേഴ്സ് അവാർഡ്’ നൽകി ആദരിച്ചു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതോടൊപ്പം വരുംതലമുറയ്ക്ക് വലിയതോതിൽ പ്രചോദനം പകരുന്നതുമായി മാറി ഈ അവാർഡ് ദാന ചടങ്ങ്. ചടങ്ങിൽ ഒ.ഐ.സി.സി കുവൈറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.
നിസാം സ്വാഗതപ്രസംഗം നടത്തി. ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹാരിത് ഖേതാൻ (കമ്മ്യൂണിക്കേഷൻസ് ആൻഡ് അസോസിയേഷൻസ്) ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെട്രോ ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിബു ടി.
ജോൺ, കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റഊഫ് മഷൂർ തങ്ങൾ, ഒ.ഐ.സി.സി വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, പ്രോഗ്രാം കൺവീനർ നിബു ജേക്കബ്, ഇലിയാസ് പൊതുവാച്ചേരി തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു. ചടങ്ങിന്റെ അവസാനത്തിൽ ഒ.ഐ.സി.സി കുവൈറ്റ് ട്രഷറർ സൂരജ് കണ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
കുവൈറ്റിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ, വിവിധ സംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, ഓണപ്പൊലിമയുടെ സ്പോൺസർമാർ, ബിസിനസ് രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ്, വുമൺസ് വിംഗ്, കൾച്ചറൽ വിംഗ് പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി മികച്ച രീതിയിലുള്ള നേതൃത്വമാണ് നൽകിയത്.
കേരളത്തിന്റെ തനതായ ഓണപ്പെരുമയും ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പ്രവാസലോകത്ത് ഒരിക്കൽകൂടി ഊട്ടിയുറപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളെ ആദരിച്ചും പ്രവാസി മലയാളികളുടെ വലിയ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതിയും ‘ഓണപ്പൊലിമ 2026’ സമാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

