പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോളതലത്തിൽ ഊർോ പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ, രാജ്യത്തിന്റെ ഊർജ്ജ മേഖലയ്ക്ക് വലിയ ആശ്വാസമായി പൊതുമേഖലാ സ്ഥാപനത്തിന്റെ നിർണായക പ്രഖ്യാപനം. കൃഷ്ണ-ഗോദാവരി തടത്തിൽ വലിയ അളവിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി ഓയിൽ ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി അറിയിച്ചു.
മുൻപ് പര്യവേഷണം നടത്താത്ത ‘മത്സ്യപുരി ഫോർമേഷനിൽ’ ആണ് ഈ സുപ്രധാന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഇത് ഇന്ത്യയുടെ ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശത്തുള്ള ‘ഗോദാവരി-1 അപ്രൈസൽ വെല്ലിൽ’ നടത്തിയ പരിശോധനയിലാണ് വാതക പ്രവാഹം സ്ഥിരീകരിച്ചത്. ഇവിടെ പ്രതിദിനം പരമാവധി രണ്ട് ലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എസ്സിഎംഡി) വരെ വാതക പ്രവാഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിദിനം 14.2 കിലോഗ്രാം തൂക്കമുള്ള 14,000 ഗ്യാസ് സിലിണ്ടറുകൾ നിറയ്ക്കാൻ ആവശ്യമായ പ്രകൃതി വാതകമാണു ഇതെന്നാണ് ഏകദേശ കണക്ക്. 2024-2027 മീറ്റർ ആഴത്തിലാണ് ഹൈഡ്രോകാർബൺ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
എങ്കിലും, ഇവിടെ ആകെ എത്രത്തോളം വാതക ശേഖരം ഉണ്ടെന്നുള്ള കൃത്യമായ കണക്കുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ മേഖലയിലെ അടുത്ത സോണിലും ഉടൻ തന്നെ പരീക്ഷണ ഡ്രില്ലിംങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ആവശ്യമായ ക്രൂഡോയിലിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, അടുത്തിടെയുണ്ടായ ഇറാൻ-യുഎസ് സംഘർഷം രാജ്യത്തേക്കുള്ള ഇന്ധന വരവിനെ സാരമായി ബാധിച്ചിരുന്നു.
ഇത് ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയെ പ്രതിരോധിക്കാൻ ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതിനിടെയാണ് പുതിയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര പര്യവേക്ഷണം വേഗത്തിലാക്കണമെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ഫിനാൻസ് ഡയറക്ടർ അഭിജിത് മജുംദാർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ആഭ്യന്തര ക്രൂഡോയിൽ ഉൽപാദനത്തിൽ ഉണ്ടായ ഇടിവ് മറികടക്കുന്നതിനായി കേന്ദ്ര സർക്കാർ വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 2030-31 സാമ്പത്തിക വർഷം വരെ 84,084 കോടി രൂപയുടെ ‘നാഷണൽ ഓഫ്ഷോർ എക്സ്പ്ലോറേഷൻ സ്കീം’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ ആവശ്യമായതിന്റെ 6 ശതമാനം പ്രകൃതി വാതകം മാത്രമാണ് ഇന്ത്യ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നത്. എന്നാൽ, ഇത് 2030 എത്തുമ്പോൾ 15 ശതമാനമായി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

