ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) തന്റെ കരിയറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ എം.എസ്. ധോണി രംഗത്ത്.
ഐ.പി.എൽ ടൂർണമെന്റിൽ തന്റെ തുടർച്ചയായ പങ്കാളിത്തം സംബന്ധിച്ച് ഈ വർഷം ഡിസംബറിന് മുൻപായി ഔദ്യോഗിക തീരുമാനം അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാൽക്കുഴയ്ക്കേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസണിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
ഇതിന് പിന്നാലെ താരം ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ചേക്കുമെന്ന് വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടയിലാണ് നിർണായക പ്രതികരണം ഉണ്ടായിരിക്കുന്നത്. ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
“എനിക്ക് ആദ്യം കുറച്ച് പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ട്. ഡോക്ടർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റൊരു സീസൺ കൂടി കളിക്കാൻ എനിക്ക് സാധിക്കുമോ എന്ന് ഡിസംബറിന് മുൻപ് തീരുമാനിക്കും” എന്ന് ധോണി പറഞ്ഞു.
തുടർന്ന് അദ്ദേഹം തമാശ രൂപേണ കൂട്ടിച്ചേർത്തു: “ഞാൻ കായികക്ഷമത കൈവരിച്ചില്ലെങ്കിൽ, ഈ ‘വിന്റേജ് വാഹനം’ റോഡിലിറങ്ങാൻ പ്രാപ്തമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർമാർക്കാണ്.
അതിനാൽ എല്ലാ സമ്മർദ്ദവും ഇപ്പോൾ അവർക്കാണ്.” അതേസമയം, പ്രിയതാരം മഞ്ഞക്കുപ്പായത്തിൽ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) മാനേജ്മെന്റ്. കരിയറിലെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള തീരുമാനം പൂർണ്ണമായും ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും, താരം ചെന്നൈയിൽ എത്തിയ ശേഷം മാത്രമേ ഔദ്യോഗികമായി കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കൂ എന്നും സി.എസ്.കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.
എങ്കിലും അടുത്ത ഐ.പി.എൽ സീസണിലും താരം ടീമിനൊപ്പം ഉണ്ടാകുമെന്നാണ് തങ്ങൾ ദൃഢമായി വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ പ്ലേഓഫ് ഘട്ടത്തിലേക്ക് യോഗ്യത നേടാനാകാതെ പോയ ചെന്നൈ സൂപ്പർ കിംഗ്സ് നിരയിൽ നിലവിൽ വലിയ അഴിച്ചപണികളാണ് നടക്കുന്നത്.
ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗിന്റെ സ്ഥാനത്ത് മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനെ പുതിയ ഹെഡ് കോച്ചായി ഫ്രാഞ്ചൈസി അടുത്തിടെ നിയമിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

