മോട്ടർവാഹന വകുപ്പിലെ അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും പരിശോധിക്കുന്നതിനായി ചരിത്രത്തിലാദ്യമായി ഒരു വിജിലൻസ് ഓഫിസറെ നിയമിച്ചു. എസ്പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ തസ്തികയിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.ബിജുരാജിനെ ആണ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വിജിലൻസ് ഓഫിസറായി സർക്കാർ നിയമിച്ചത്. വകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ ഇദ്ദേഹം നേരിട്ട് അന്വേഷണം നടത്തും.
സംസ്ഥാനത്തെ മറ്റ് പല വകുപ്പുകളിലും നേരത്തെ തന്നെ ഇത്തരത്തിൽ വിജിലൻസ് ഓഫിസർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും മോട്ടർവാഹന വകുപ്പിൽ ഈ സംവിധാനം ഇല്ലാത്തത് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഏജന്റുമാരുടെ അമിതമായ ഇടപെടലും കൈക്കൂലി ആവശ്യപ്പെടുന്നതും സംബന്ധിച്ച് നിരന്തരമായി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
ഇതിനുമുമ്പും കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥർ പിടിയിലായിട്ടുണ്ട്. അതിർത്തി ചെക്പോസ്റ്റുകളിൽ മരപ്പൊത്തുകളിലും ഇലകൾക്കിടയിലും കൈക്കൂലിപ്പണം ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയ സംഭവങ്ങൾ വലിയ ചർച്ചയായിരുന്നു.
കൂടാതെ, മേലുദ്യോഗസ്ഥർ കീഴ്ജീവനക്കാർക്ക് അഴിമതിപ്പണം സംബന്ധിച്ച ക്വോട്ട നിശ്ചയിക്കുന്നതായും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിൽ, വകുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ നിയമനം. വിജിലൻസ് ഓഫിസർ സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

