കൊച്ചിയിൽ ആരംഭിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് പ്രമേഹം, അമിതവണ്ണം, രക്താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ദീർഘകാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള നിർണായക നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. ലൈഫ്സ്റ്റൈൽ മെഡിസിൻ അക്കാദമി ഇന്ത്യയുടെ നേതൃത്വത്തിൽ ലെ മെറിഡിയൻ ഹോട്ടലിൽ ശനിയാഴ്ചയാണ് എൽ എം എ കോൺ 2026 ന് തുടക്കമായത്.
ശാസ്ത്രീയമായ ജീവിതശൈലി ചികിത്സ ആരോഗ്യസംവിധാനങ്ങളുടെ അടിത്തറയാക്കി മാറ്റണമെന്നാണ് സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടത്. ശരീരഭാര നിയന്ത്രണം, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, മതിയായ ഉറക്കം, മാനസിക സമ്മർദം ഒഴിവാക്കൽ എന്നിവയിലൂടെ പല രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കൃത്യമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ചില ടൈപ്പ് 2 പ്രമേഹരോഗികൾക്ക് മരുന്നുകളുടെ സഹായമില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ കഴിയുമെന്നും എന്നാൽ ഇത്തരം മാറ്റങ്ങൾ ഒരിക്കലും നിലവിലുള്ള ചികിത്സയ്ക്ക് പകരമാകരുതെന്നും ഡോക്ടറുടെ കർശന മേൽനോട്ടത്തിൽ മാത്രമേ പാടുള്ളൂ എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചികിത്സയ്ക്കൊപ്പം തന്നെ രോഗപ്രതിരോധത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ച ദീപക് ജോയ് എംഎൽഎ വ്യക്തമാക്കി.
ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ ആരോഗ്യപ്രവർത്തകരും വിവിധ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമ്മേളനത്തിൽ ഓർഗനൈസിങ് ചെയർമാൻ പ്രഫ.
ഡോ. സുനിൽ കുമാർ, ഓർഗനൈസിങ് സെക്രട്ടറി ഡോ.
അരുണ്ദാസ് എച്ച്., ബയോനെസ്റ്റ് സിഇഒ ഡോ. കെ.
അമ്പാടി, നാഷണൽ റിസോഴ്സ് സെന്റർ ഫോർ എൻസിഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ജെ. ഇടയാറന്മുള, പുഷ്പഗിരി മെഡിക്കൽ കോളേജ് മുൻ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.
ഫെലിക്സ് ജോൺ, സർജൻ ക്യാപ്റ്റൻ ഉമങ്ങ് എസ് ബി ലാൽ, ഫിലിപ്പീൻ കോളേജ് ഓഫ് ലൈഫ് സ്റ്റെൽ മെഡിസിൻ പ്രസിഡൻ്റ് ഡോ മിഷേൽ പാൽമാ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. മരുന്നുകൾക്കൊപ്പം തന്നെ ആഹാരം, വ്യായാമം, ഉറക്കം, മാനസികാരോഗ്യം എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് പ്രൊഫ.
ഡോ. സുനിൽ കുമാർ വ്യക്തമാക്കി.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഇത്തരം കാര്യങ്ങൾ പതിവ് ചികിത്സാ രീതികളുടെ ഭാഗമാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദീർഘകാല രോഗങ്ങൾ പൂർണ്ണമായി ഭേദമാക്കാം എന്ന തരത്തിലുള്ള വ്യാജവാഗ്ദാനങ്ങൾ രോഗികളെ ഗുരുതരമായ അപകടങ്ങളിലേക്ക് തള്ളിവിടുമെന്ന് ഡോ. അരുണ്ദാസ് എച്ച്. ഓർമ്മിപ്പിച്ചു.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാമെന്നോ മരുന്നുകൾ പെട്ടെന്ന് ഒഴിവാക്കാമെന്നോ ഉള്ള അശാസ്ത്രീയ പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ചികിത്സ നിർത്തരുത്. രോഗം നിയന്ത്രണത്തിലാണെങ്കിൽ പോലും കൃത്യമായ തുടർപരിശോധനകൾ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള നിരവധി ആരോഗ്യവിദഗ്ധർ പങ്കെടുക്കുന്ന ഈ ദ്വിദിന സമ്മേളനത്തിൽ പ്രമേഹനിയന്ത്രണം, അമിതവണ്ണം, ഹൃദ്രോഗ പ്രതിരോധം, പോഷകാഹാരം, വ്യായാമ ചികിത്സ, ഉറക്കപ്രശ്നങ്ങൾ, മാനസികാരോഗ്യം, ഫാറ്റി ലിവർ, ആരോഗ്യകരമായ വാർധക്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കൂടാതെ, ചികിത്സാ മേഖലയിൽ നിർമിതബുദ്ധിയുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും സാധ്യതകളും സമ്മേളനം വിലയിരുത്തുന്നു.
ഇന്റർനാഷണൽ ബോർഡ് ഓഫ് ലൈഫ്സ്റ്റൈൽ മെഡിസിന്റെ (ഐബിഎൽഎം) അംഗീകാരമുള്ള 20 മണിക്കൂർ തുടർമെഡിക്കൽ വിദ്യാഭ്യാസ പരിപാടിയും ഈ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഐബിഎൽഎം സർട്ടിഫിക്കേഷൻ പരീക്ഷ ഞായറാഴ്ച കൊച്ചിയിൽ വെച്ചാണ് നടക്കുന്നത്.
ലണ്ടനിലെ ഇംപീരിയൽ കോളേജിലുള്ള ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രം, വേൾഡ് എൻസിഡി ഫെഡറേഷൻ, നാഷണൽ റിസോഴ്സ് സെന്റർ ഫോർ എൻസിഡീസ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

