കൊല്ലം ജില്ലയിൽ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെയും മാതാപിതാക്കൾ, പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ അമ്മമാർ, തൊഴിൽ ലഭ്യതയ്ക്കായി അധികാരികളുടെ കനിവുകാത്തിരിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനങ്ങളിൽ തങ്ങൾക്ക് പ്രത്യേക മുൻഗണന നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം തേടി മുഖ്യമന്ത്രിയ്ക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും ഇവർ വീണ്ടും നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മമാർ ഇപ്പോൾ കഴിയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ സംസ്ഥാനത്തെ 140 എംഎൽഎമാർക്കും ഈ വിഷയത്തിൽ ഔദ്യോഗികമായി നിവേദനം നൽകിയിരുന്നതായി ഇവർ വ്യക്തമാക്കുന്നു.
എന്നാൽ മുൻ സർക്കാരിൽ നിന്നും ലഭിച്ച മറുപടി കത്ത് ഏറെ നിരാശാജനകമായിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇതുസംബന്ധിച്ച് അമ്മമാർ പ്രതികരിച്ചത് ഇങ്ങനെയാണ്: “കഴിഞ്ഞ ഗവൺമെന്റിന്റെ ഒരു മറുപടി കത്തിൽ ലഭ്യമായത് തീവ്ര ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട
കുട്ടികൾ ആയതുകൊണ്ട് പരിചരിക്കാൻ മാതാപിതാക്കൾ അവരോടൊപ്പം വീട്ടിൽ തന്നെ സ്വയം തൊഴിൽ സംരംഭങ്ങൾ കണ്ടെത്തി പരിചരിക്കണം എന്ന വാദം ആണ് കഴിഞ്ഞ സർക്കാർ പറഞ്ഞത്. എന്നാൽ എല്ലാ ഡിസേബിലിറ്റിയും തീവ്ര ഭിന്നശേഷി പെട്ടതല്ല.
ഇവരെയാണ് സർക്കാർ കണ്ടെത്തി മാതാപിതാക്കളെ സഹായിക്കേണ്ടത്”. ഈ പശ്ചാത്തലത്തിൽ, നിലവിലെ സർക്കാർ തങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി തൊഴിൽ നിയമനങ്ങളിൽ അർഹമായ പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗത്തിൽപ്പെട്ട
മാതാപിതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

