സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതി വിമതരുടെ വീണ്ടും ആക്രമണ പരമ്പര. രാജ്യത്തെ വിവിധ തന്ത്രപ്രധാന മേഖലകളിലും വിമാനത്താവളങ്ങളിലും ഉണ്ടായ ആക്രമണ സംഭവങ്ങളിൽ പ്രവാസികൾക്കിടയിൽ ആശങ്ക നിലനിൽക്കുകയാണ്.
റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ എന്നിവയ്ക്ക് പുറമെ ഈസ്റ്റ് – വേസ്റ്റ് പൈപ്പ് ലൈൻ, റാബിഗ് ഓയിൽ റിഫൈനറി, യാമ്പുവിലെ ആരാംകോ കമ്പനി എന്നിവയും ആക്രമിക്കപ്പെട്ടതായി ഹൂതികൾ അവകാശപ്പെടുന്നു. സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാർക്കായുള്ള ജാഗ്രതാ നിർദ്ദേശം അമേരിക്ക പുതുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 21-ന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടമായത്. പ്രസ്തുത വ്യക്തിയുടെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാൻ മുൻകൈയെടുക്കുന്നതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതിനുപുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അധികൃതർ പുറത്തുവിട്ടു.
പരിക്കേറ്റ രണ്ട് ഇന്ത്യക്കാരിൽ ഒരാളെ ഒക്ടോബർ 22-ന് ഡിസ്ചാർജ് ചെയ്തിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ഷെയ്ബ എണ്ണപ്പാടം ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഇന്ത്യൻ പൗരനും അന്ന് ആശുപത്രി വിട്ടു.
റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ ജനറൽ വാർഡിലും ചികിത്സയിലാണ്. ഏഴുപേർ ഇതുവരെ ആശുപത്രി വിട്ടിട്ടുണ്ട്.
ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യക്കാരന്റെ സംസ്കാരം ഒക്ടോബർ 12-ന് റിയാദിൽ നടന്നിരുന്നു.
പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ വൈദ്യസഹായം ലഭ്യമാക്കിയ സൗദി ഭരണകൂടത്തോടും പ്രാദേശിക അധികൃതരോടും എംബസി നന്ദി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സൗദിയിലെ ഇന്ത്യൻ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി വീണ്ടും ഓർമ്മിപ്പിച്ചു.
വ്യോമാക്രമണ പ്രതിരോധങ്ങളുടെയോ, മിസൈൽ അല്ലെങ്കിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയോ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും മുഴുവൻ പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികൾക്കായി മുഖ്യമന്ത്രി വിഡി സതീശൻ്റെ നിര്ദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേകം കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ: 011-23747079, 9310443880 (വാട്സാപ്പ്).
കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ജെ ഷാജിമോനെയും, വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡൽ ഓഫീസറായി അഡീഷണൽ റസിഡൻ്റ് കമ്മീഷണറുടെ ചാർജ്ജുള്ള ലെയ്സൺ ഓഫീസർ राहुल കെ ജയ്സ്വാറിനെയും (Rahul K Jaiswar) റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ ചുമതലപ്പെടുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, റിയാദിലെയും ജിദ്ദയിലെയും ഇന്ത്യൻ എംബസികളുമായും മറ്റ് നയതന്ത്ര കാര്യാലയങ്ങളുമായും ചേർന്ന് ഏകോപനം നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

