കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ സി.പി.എം നേതാവ് പി.പി.
ദിവ്യയുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്ന് കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാച്ചു. തങ്ങൾ ദിവ്യയുടെ ബിനാമി കമ്പനിയാണെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അനധികൃത കരാറുകളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പി.പി.
ദിവ്യയുടെ ഭർത്താവുമായി ചേർന്ന് സംയുക്തമായി ഭൂമി വാങ്ങിയിട്ടില്ലെന്നും, ആർക്കും പണമോ വിലപിടിപ്പുള്ള സമ്മാനങ്ങളോ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്ന് പരാതിക്കാർക്ക് തെളിയിക്കാൻ കഴിഞ്ഞാൽ നേരത്തെ പ്രഖ്യാപിച്ചതുപോലെ കെ.എസ്.യുവിന് ഒരു കോടി രൂപ ഇനാം നൽകുമെന്നും മുഹമ്മദ് ആസിഫ് വെല്ലുവിളിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പി.പി.
ദിവ്യക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാതൊരുവിധ ടെൻഡർ നടപടികളും പാലിക്കാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാറുകൾ തരപ്പെടുത്തി നൽകി എന്നാണ് പ്രധാന ആരോപണം.
ഈ പശ്ചാത്തലത്തിൽ ദിവ്യയുടെയും ഭർത്താവിന്റെയും പേരിലുള്ള സ്വത്തുക്കളും വിജിലൻസ് സംഘം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

