ശബരിമല തീർത്ഥാടന കാലയളവ് ഒഴികെയുള്ള സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തിൽ സംസ്ഥാനത്തെ പൊതുഗതാഗത വിഭാഗമായ കെഎസ്ആർടിസിക്ക് ചരിത്രനേട്ടം. ഒക്ടോബർ 22 വ്യാഴാഴ്ച മാത്രം കോർപറേഷന് ലഭിച്ചത് 10.64 കോടി രൂപയാണ്.
ഇതിൽ പ്രിയദർശിനി സർവീസുകളുടെ കളക്ഷൻ ഒഴിവാക്കിയാൽപോലും, മറ്റു സർവീസുകൾ വഴിമാത്രം 7.33 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വാടകയ്ക്കെടുത്ത ബസുകളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനാന്തര സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്തതാണ് ഈ നേട്ടത്തിന് പിന്നിൽ.
സാധാരണയായി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ വരുമാനമാണ് ഇതോടെ 7.33 കോടി രൂപയായി ഉയർന്നത്. കഴിഞ്ഞ വർഷം പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തിൽ 9.41 കോടി രൂപയായിരുന്നു കോർപറേഷന്റെ ആകെ ടിക്കറ്റ് വരുമാനം.
ഇത്തവണത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ടിക്കറ്റ് വിൽപനയിൽ 1.24 കോടി രൂപയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം കേരളത്തിലുടനീളം 4,612 ബസുകൾ നിരത്തിലിറക്കി 16.02 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി സർവീസ് പൂർത്തിയാക്കിയത്.
ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം മുൻവർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി ഉയർന്നു. അതുപോലെതന്നെ, ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനം 20,094 രൂപയിൽ നിന്ന് 23,215 രൂപയായും വർധിച്ചു.
ഒറ്റ ദിവസത്തെ കണക്കുകൾ പ്രകാരം 30.61 ലക്ഷം യാത്രക്കാരാണ് അന്ന് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ യാത്രാ ആവശ്യകത കൃത്യമായി മനസ്സിലാക്കിക്കൊണ്ട് കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും, ലഭ്യമായ വാഹനങ്ങൾ പരമാവധി കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം ഇനിയും ഉയർത്താനുമുള്ള തീവ്രശ്രമങ്ങളുമായി മുന്നോട്ടുപോകാനാണ് കോർപറേഷന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

