ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ‘ഐഫോൺ ഡ്യുവോ’ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിൽ വിൽപ്പനയ്ക്ക് വെച്ച് മിനിറ്റുകൾക്കകം വിറ്റുതീർന്നു. ഡെൽഹി-എൻസിആർ മേഖലയിലെ ഉപഭോക്താക്കൾക്കായി വെള്ളിയാഴ്ച രാവിലെ 8.15-നാണ് പ്ലാറ്റ്ഫോമിൽ ഫോൺ ലഭ്യമാക്കിയത്.
കേവലം അഞ്ച് മിനിറ്റിനുള്ളിൽ മുഴുവൻ യൂണിറ്റുകളും വിറ്റുതീർന്നതായി ബ്ലിങ്കിറ്റ് സ്ഥാപകൻ അൽബിന്ദർ ധീന്ദസ എക്സിൽ വ്യക്തമാക്കി. വരും ആഴ്ചകളിൽ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, വിൽപ്പനയ്ക്ക് വെച്ച മൊത്തം യൂണിറ്റുകളുടെ കൃത്യമായ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ മുതൽ ഇന്ത്യയിൽ ഔദ്യോഗികമായി ഫോണിന്റെ വിൽപ്പന ആരംഭിച്ചിരുന്നു.
ഇന്ത്യയിൽ 2,99,900 രൂപ മുതലാണ് ഐഫോൺ ഡ്യുവോയുടെ പ്രാരംഭ വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന മോഡലിന് 4,49,900 രൂപ വരെ വിലവരും.
“We launched iPhone Duo on Blinkit at 8:15 AM this morning (only in Delhi NCR).All units were sold out within 5 minutes We’re working on getting more stock in the coming weeks.— Albinder Dhindsa (@albinder) October 23, 2026” ഇത്രയും ഉയർന്ന വിലയുള്ള ഒരു പ്രീമിയം ഫോൺ മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ബ്ലിങ്കിറ്റിൽ വിൽപ്പനയ്ക്ക് വെച്ചത് രണ്ടോ മൂന്നോ യൂണിറ്റുകൾ മാത്രമായിരിക്കുമെന്നും, അതിനാൽ ഇത് യഥാർത്ഥ ജനപ്രീതിയായി കാണാൻ കഴിയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇത്രയും വലിയ വിലയുള്ള ഒരു ഉൽപ്പന്നത്തിന് ഇന്ത്യയിൽ ലഭിച്ച ആവേശകരമായ സ്വീകാര്യത കണ്ട് അത്ഭുതം പ്രകടിപ്പിച്ചവരും കുറവല്ല. ‘ഇത് നമ്മൾ ഒരു സമ്പന്ന രാജ്യമാണെന്ന് വ്യക്തമാക്കുന്നു’ എന്ന് ചിലർ ഇതിനോട് പ്രതികരിച്ചു.
ഡെൽഹിയിലെ സെലക്ട് സിറ്റിവോക്ക് മാളിലുള്ള ആപ്പിൾ സാകേത് സ്റ്റോറിന് പുറത്ത് ഐഫോൺ ഡ്യുവോ സ്വന്തമാക്കാൻ നിരവധി ആളുകളാണ് വരിനിൽ കാത്തുനിന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

