കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ കർശന പരിശോധനയിൽ 2,11,500 രൂപ പിഴ ഈടാക്കി. വിവിധ ഗതാഗത നിയമ ലംഘനങ്ങളിലായി ആകെ 50 കേസുകളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
സ്വകാര്യ ബസുകൾ അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നതായും, സ്പീഡ് ഗവർണർ അഴിച്ചുമാറ്റി അമിതവേഗത്തിൽ പായുന്നതായും, ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുന്നതായും വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്.
എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച നാല് പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ, ഹൈക്കോടതി പരിസരം, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് ഒരേസമയം റെയ്ഡ് നടത്തിയത്.
പരിശോധനയിൽ സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായി കണ്ടെത്തിയ നാല് വാഹനങ്ങളുടെ സർവീസ് तात्കാലികമായി നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ് രീതികൾ, നിശ്ചിത പരിധി ലംഘിച്ചുള്ള വേഗം, അനുമതിയില്ലാതെ വാഹനം ഓടിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്.
റോഡ് യാത്രാ സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ കർശനമായി അമർച്ച ചെയ്യുന്നതിനുമായി വരുന്ന ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

