രാജ്യാന്തര വ്യാപാര മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമുന്നൊരുക്കങ്ങൾ സജീവമാകുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാനെതിരെ ഇസ്രയേലും യുഎസും ചേർന്ന് സംയുക്ത ആക്രമണത്തിന് കോപ്പുകൂട്ടുന്നതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
ഇറാനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന സൂചന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ നൽകിയിരുന്നു. ഈ നീക്കങ്ങളെ പ്രതിരോധിക്കാനായി ഇറാനും ശക്തമായ യുദ്ധമുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുഎസിന് താൽപര്യമുള്ള സാമ്പത്തിക കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഇറാന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഡേറ്റ സെന്ററുകൾ, സമുദ്രത്തിന് അടിയിലൂടെ പോകുന്ന ഇന്റർനെറ്റ് കേന്ദ്രങ്ങൾ, പ്രധാന ബാങ്കുകൾ എന്നിവ ലക്ഷ്യമിടുമെന്നും ഭീഷണിയുണ്ട്.
ഈ സംഭവവികാസങ്ങളെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയും, ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് വീഴുകയും ചെയ്തു. അതേസമയം, സ്വർണവില കൂപ്പുകുത്തിയത് നിക്ഷേപകരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28 ലെ മാതൃകയിൽ ഇറാനിൽ സത്വരമായി ആക്രമണം നടത്തണമെന്നും ഇത് വൈകിപ്പിക്കരുതെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ നിലപാട്. കഴിഞ്ഞ ദിവസം രഹസ്യ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റർ ഹെഗ്സെത്തിനോട് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അങ്ങനെയൊരു ആക്രമണത്തിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെയും ഇസ്രയേൽ സൈന്യത്തിന്റെയും നിലപാട്. കഴിഞ്ഞ ദിവസം നടന്ന ഉന്നത യോഗത്തിൽ ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ ഇക്കാര്യം നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വരുന്ന ഒക്ടോബർ 27ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നെതന്യാഹു ഇറാൻ വിഷയം ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ. എങ്കിലും ഈ ആരോപണങ്ങൾ നെതന്യാഹു പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്.
മേഖലയിലെ സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളും സമാധാന ചർച്ചകളും സമാന്തരമായി നടക്കുന്നുണ്ട്. റഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
യുഎസിന്റെ മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ഇറാനിലെത്തിയ പാക്ക് സൈനിക മേധാവി അസിം മുനീറിനെ ഇറാൻ ഭരണകൂടം തിരിച്ചയച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ യുഎസുമായി യാതൊരുവിധ ചർച്ചയ്ക്കുമില്ലെന്നാണ് ഇറാന്റെ കടുത്ത നിലപാട്.
ഇതിനിടയിൽ റഷ്യയുടെ സാന്നിധ്യം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും ശക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിലെത്തിയ റഷ്യൻ പ്രതിരോധമന്ത്രി സെർജി ലാവ്റോവ് രാജ്യത്തെ ഉന്നത നേതാക്കളുമായി ചർച്ചകൾ നടത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എങ്കിലും, യുഎസുമായി സമാധാനത്തിലെത്തുന്നതിൽ ഇറാനിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് സൂചന.
അന്തരിച്ച പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയെ വധിച്ചവരുമായി യാതൊരു സന്ധിക്കും തയ്യാറല്ലെന്നാണ് തീവ്രനിലപാടുകാരുടെ വാദം. എണ്ണവില കൂട്ടാൻ ഇറാന്റെ ഫേക്ക് ആക്രമണം എന്ന ആരോപണവുമായി ട്രംപ്
അതേസമയം, യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ക്രൂഡോയിൽ വില മനപ്പൂർവം വർധിപ്പിക്കാനായി ഹോർമുസ് കടലിടുക്കിൽ അടക്കം ഇറാൻ വ്യാജ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു.
യുദ്ധം തുടങ്ങുന്നതിനു മുൻപുള്ളതിനേക്കാൾ കൂടുതൽ ക്രൂഡോയിലാണ് നിലവിൽ ഹോർമുസ് വഴി കടന്നുപോകുന്നത്. ഇത് തടയാൻ ഇറാൻ കിണഞ്ഞുശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ യുദ്ധമല്ല എണ്ണവില വർധനയ്ക്ക് യഥാർത്ഥ കാരണമെന്നും, യുക്രെയ്ൻ റഷ്യൻ എണ്ണശുദ്ധീകരണ ശാലകളിൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് ആരോപിച്ചിരുന്നു. തീപിടിച്ച് ക്രൂഡോയിൽ വില
തിരഞ്ഞെടുപ്പിനു ശേഷം ഇറാനെ ആക്രമിക്കാൻ യുഎസും ഇസ്രയേലസും ചേർന്ന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളും, സൗദി അറേബ്യയിൽ ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങളും ക്രൂഡോയിൽ വിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയാണ്.
ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 114.5 ഡോളറിലേക്ക് കുതിച്ചുകയറി. യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ബാരലിന് 100 ഡോളറിനു മുകളിലെത്തിയിട്ടുണ്ട്.
യുഎഇയുടെ മർബൻ ക്രൂഡോയിൽ വില 114 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഹൂതികളുടെ ആക്രമണം പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവരവിനെ ഗുരുതരമായി ബാധിക്കുമെന്നാണ് നിക്ഷേപകരുടെ പ്രധാന ആശങ്ക.
കൂടാതെ, ലിബിയയിൽ എണ്ണവിതരണത്തിന് തടസ്സങ്ങൾ നേരിടുന്നുവെന്ന റിപ്പോർട്ടുകളും ആഗോള വിപണിയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. കുത്തനെ ഇടിഞ്ഞ് സ്വർണവില
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഔൺസിന് ഏകദേശം 4 ശതമാനത്തോളം കുറഞ്ഞ് 3,994 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ക്രൂഡോയിൽ വില ഉയർന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.
ഈ സാഹചര്യത്തിൽ യുഎസ് ഫെഡ് റിസർവ് ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്ന നിഗമനത്തിലാണ് നിക്ഷേപകർ എത്തിച്ചേർന്നിട്ടുള്ളത്. ഇത് സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കാൻ കാരണമായി.
ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവിലയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയായും പവന് 1240 രൂപ കുറഞ്ഞ് 1,05,880 രൂപയായും വില താഴ്ന്നു.
ഈ മാസം ഇതുവരെ പവന് ആകെ 3,560 രൂപയാണ് കുറഞ്ഞിട്ടുള്ളത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 10,835 രൂപയായി മാറി.
വെള്ളി വില ഗ്രാമിന് 225 രൂപയാണ്. വരും ദിവസങ്ങളിലും വില കുത്തനെ താഴാനാണ് സാധ്യതയുള്ളത്.
വീണ്ടും പലിശഭൂതം എത്തുന്നു
ആഗോളതലത്തിൽ എണ്ണവില വർധിച്ചതോടെ യുഎസ് ഫെഡറൽ റിസർവ് ഈ വർഷം വീണ്ടും അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ ഫെഡിന്റെ നിർണായക യോഗം നടക്കുന്നുണ്ട്.
ഈ യോഗത്തിൽ പലിശ നിരക്ക് ഉടൻ കൂട്ടാൻ സാധ്യതയില്ലെന്നാണ് വിപണിയുടെ വിലയിരുത്തൽ. എങ്കിലും, ഡിസംബറിൽ നടക്കുന്ന യോഗത്തിൽ പലിശ കൂട്ടാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാണ്.
ഇതിന്റെ തുടർച്ചയായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും പലിശ നിരക്ക് ഉയർത്തേണ്ടി വന്നേക്കാം. ഇത് രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ വേഗത മന്ദീഭവിപ്പിക്കാനും കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കാനും ഇടയാക്കും.
നഷ്ടത്തിന്റെ ഹാട്രിക് കുറിച്ച് ഇന്ത്യൻ ഓഹരി വിപണി
ഇന്നലെ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവില ബാരലിന് 112 ഡോളറിലെത്തിച്ചതാണ് വിപണിക്ക് കനത്ത തിരിച്ചടിയായത്.
രാജ്യാന്തരതലത്തിൽ നിന്നുള്ള നെഗറ്റീവ് സൂചനകളും വിദേശനിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപനയും സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്ന് 460 പോയിന്റ് നഷ്ടത്തോടെ സെൻസെക്സ് 73,249.39 എന്ന നിലവാരത്തിലെത്തി.
നിഫ്റ്റി 123.70 പോയിന്റുകൾ ഇടിഞ്ഞ് 22,687.65 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിലെ ഏതാണ്ടെല്ലാ പ്രധാന മേഖലകളും കനത്ത നഷ്ടം രേഖപ്പെടുത്തി.
ഐടി, എഫ്എംസിജി, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സെക്ടറുകളാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഏകദേശം ഒരു ശതമാനത്തോളം ഇടിവാണ് നേരിട്ടത്.
പ്രധാന ഹെവിവെയ്റ്റ് ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ വിലകളിൽ രണ്ടു ശതമാനത്തോളമുള്ള ഇടിവുണ്ടായി. എങ്കിലും, ഇന്ന് ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിക്കാനാണ് സാധ്യതയുള്ളത്.
ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം പോസിറ്റീവായി തുടരുന്നുണ്ട്. എന്നാൽ ഈ നേട്ടം വിപണിക്ക് അവസാന നിമിഷം വരെ നിലനിർത്താൻ കഴിയുമോയെന്ന ആശങ്ക നിക്ഷേപകരിലുണ്ട്.
നിക്ഷേപകർ ഏറെക്കാലമായി കാത്തിരുന്ന ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം കൂടിയാണ് ഇന്ന്. ഇതുവരെ ഐപിഒയ്ക്കായി അഞ്ചു മടങ്ങ് നിക്ഷേപകരാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
വൈകിട്ട് അഞ്ചു മണിവരെ മാത്രമാണ് ഇതിനുള്ള അവസരമുള്ളത്. രൂപയുടെ മൂല്യത്തിലും ഇടിവ്
കഴിഞ്ഞ എട്ടു ദിവസമായി തുടർച്ചയായി നേട്ടത്തിലായിരുന്ന രൂപയുടെ മുന്നേറ്റത്തിനും ഇന്ന് വിരാമമായി.
ബ്രെന്റ് ക്രൂഡോയിൽ വില 2026 മേയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതാണ് ഇതിന് പ്രധാന കാരണം. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 0.4 ശതമാനം ഇടിഞ്ഞ് ഇന്ന് 94.8175 നിലവാരത്തിലെത്തി.
ജിയോ ഐപിഒയും റിസർവ് ബാങ്കിന്റെ തിരുത്തൽ നടപടികളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രൂപയ്ക്ക് ആവശ്യമായ കരുത്ത് നൽകിയിരുന്നത്. ഏഷ്യൻ വിപണികളിലും സമാനമായ വലിയ ഇടിവാണ് ദൃശ്യമായത്.
ദക്ഷിണ കൊറിയയിലെ കോസ്പി (3.52%), ഹോങ്കോങ്ങ് സൂചിക (3.03%), ജപ്പാനിലെ നിക്കെയ് (2.40%), ഷാങ്ഹായ് സൂചിക (1.48%) എന്നിങ്ങനെയായിരുന്നു വിവിധ ഏഷ്യൻ വിപണികളുടെ ഇടിവിന്റെ തോത്. യുഎസിലും കനത്ത നഷ്ടം
ആഗോള ഓഹരി വിപണിയിലെ തകർച്ച അമേരിക്കൻ സൂചികകളിലേക്കും വ്യാപകമായി പടർന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ വീണ്ടും സജീവമായതും ക്രൂഡോയിൽ വില കുത്തനെ ഉയർന്നതുമാണ് യുഎസിലെ വിപണിക്ക് തിരിച്ചടിയായത്. നാസ്ഡാക് സൂചിക 2.6 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ ജൂണിനു ശേഷമുള്ള ഏറ്റവും മോശം വ്യാപാരദിനമായിരുന്നു ഇന്നലെ യുഎസിൽ രേഖപ്പെടുത്തിയത്. എസ് ആൻഡ് പി സൂചിക 1.21 ശതമാനവും ഇടിഞ്ഞു.
കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം സൂചിക ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ ദിവസം കൂടിയായിരുന്നു ഇത്. എന്നാൽ ഡൗ ജോൺസ് സൂചിക 0.02 ശതമാത്തിന്റെ ചെറിയൊരു നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.
മികച്ച മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ടിട്ടും മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്ഫോംസിന്റെ ഓഹരി വില 7 ശതമാനത്തോളം ഇടിഞ്ഞു. എഐ മേഖലയിലെ വൻ നിക്ഷേപങ്ങൾ പ്രതീക്ഷിച്ചത്ര വരുമാനമുണ്ടാക്കില്ലെന്ന ആശങ്കയാണ് നിക്ഷേപകരെ കൂടുതൽ സ്വാധീനിച്ചത്.
ഈ മേഖലയിലെ മറ്റ് പ്രമുഖ കമ്പനികളായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്, മൈക്രോൺ, എൻവിഡിയ എന്നിവയും വലിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ നഷ്ടത്തിലാണ് തുടരുന്നത്.
ജപ്പാനിലെ നിക്കെയ്, കൊറിയൻ കോസ്പി, ഷാങ്ഹായ്, ഹോങ്കോങ് സൂചികകളെല്ലാം ഇടിവിന്റെ പാതയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

