സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപത്തുക ക്രമാതീതമായി വർധിച്ച പശ്ചാത്തലത്തിൽ, യഥാർത്ഥ അവകാശികളെ കണ്ടെത്തി പണം തിരികെ നൽകാൻ ദേശസാത്കൃത ബാങ്കുകൾക്ക് റിസർവ് ബാങ്ക് (RBI) കർശന നിർദേശം നൽകി. ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം, കേരളത്തിൽ മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് യാതൊരുവിധ അവകാശികളുമില്ലാതെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്.
ഇത്തരം നിക്ഷേപങ്ങളുടെ അവകാശികളെ നേരിട്ട് കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾ നടത്താൻ ബാങ്കുകൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ വിപുലമായ ബോധവൽക്കരണ കാമ്പെയ്നുകൾ സംഘടിപ്പിക്കാനും റിസർവ് ബാങ്ക് പദ്ധതിയിടുന്നുണ്ട്.
തുടർച്ചയായി രണ്ടു വർഷത്തിലധികം യാതൊരുവിധ ഇടപാടുകളും നടക്കാത്ത ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമായ വിഭാഗത്തിലേക്ക് മാറും. എങ്കിലും ഉപയോക്താക്കൾക്ക് ഈ അക്കൗണ്ടുകൾ പിന്നീട് വീണ്ടും സജീവമാക്കാനുള്ള അവസരമുണ്ട്.
മിനിമം ബാലൻസ് തുകയായി മാത്രം കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അക്കൗണ്ടുകളിൽ അവശേഷിക്കുന്നത്. ഉപയോക്താക്കൾ പലപ്പോഴും ഇത്തരം അക്കൗണ്ടുകളുടെ വിവരങ്ങൾ ഓർക്കാറില്ല.
ബാങ്കിന്റെ ഏതെങ്കിലും ശാഖകളിൽ നേരിട്ടെത്തി കെവൈസി (KYC) രേഖകൾ പുതുക്കി നൽകിയാൽ ഈ തുക തിരികെ കൈപ്പറ്റാൻ സാധിക്കുന്നതാണ്. രാജ്യത്താകെ വിവിധ ബാങ്കുകൾ, പെൻഷൻ ഫണ്ടുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയിലായി ആകെ 1.82 ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്.
ഇതിൽ ബാങ്ക് നിക്ഷേപങ്ങൾ മാത്രം ഏകദേശം 75,000 കോടി രൂപ വരും. 10 വർഷത്തിലധികം കാലം യാതൊരു ഇടപാടും നടക്കാത്ത നിക്ഷേപങ്ങളെയാണ് പ്രധാനമായും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
ഉപയോക്താക്കളുടെ മരണശേഷം കൃത്യമായ അവകാശികൾ ഇല്ലാതാകുന്നത് ഇത്തരം നിക്ഷേപങ്ങൾ വർധിക്കാൻ പ്രധാന കാരണമാകുന്നുണ്ട്. കൂടാതെ, അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ, സ്ഥിരവിലാസത്തിലLഉണ്ടാകുന്ന മാറ്റങ്ങൾ, അക്കൗണ്ടുകളിൽ നോമിനികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ വിവിധ ഘടകങ്ങളും പണം നഷ്ടപ്പെടാൻ ഇടയാക്കുന്നുണ്ട്.
അവകാശികളില്ലാത്ത ഇത്തരം നിക്ഷേപങ്ങളും മറ്റ് ആസ്തികളും ഉപയോക്താക്കൾക്ക് തിരിച്ചുപിടിക്കാൻ സഹായിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം www.unclaimedassetsportal.in എന്ന പേരിൽ ഒരു ഏകീകൃത പോർട്ടൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ പോർട്ടൽ വഴി ബാങ്ക് നിക്ഷേപങ്ങൾക്ക് പുറമെ ഇൻഷുറൻസ് ക്ലെയിമുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവയിലുള്ള പണവും കണ്ടെത്താൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

