സ്കൂളിൽ നേരിടേണ്ടിവന്ന കടുത്ത ജാതി അധിക്ഷേപത്തെ തുടർന്നു തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. സംഭവത്തിൽ രണ്ട് അധ്യാപകർക്കും രണ്ട് സഹപാഠികൾക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പീളമേട് എഡി കോളനിയിലെ അശോക് കുമാർ, കൗസല്യ ദമ്പതികളുടെ മകനായ അഖിലൻ (16) ആണ് ദാരുണമായി മരണപ്പെട്ടത്. പ്രധാനാധ്യാപകൻ അരുൺ കുമാർ, ക്ലാസ് അധ്യാപകൻ വിജയകുമാർ, മറ്റ് രണ്ട് സഹപാഠികൾ എന്നിവർക്കെതിരെ മൂന്ന് വിവിധ വകുപ്പുകൾ പ്രകാരമാണ് പീളമേട് പൊലീസ് കേസ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അവിനാശി റോഡ് പീളമേട്ടിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ വിദ്യാർഥിയായിരുന്നു മരണപ്പെട്ട അഖിലൻ.
പൂജ അവധികൾക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് കുട്ടി സ്കൂളിലേക്ക് പുറപ്പെട്ടതെന്നും, താൻ ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയതെന്നും മാതാവ് കൗസല്യ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മാസം മുൻപ് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട
വിവരശേഖരണത്തിനിടെ ക്ലാസ് അധ്യാപകൻ വിജയകുമാർ കുട്ടിയുടെ ജാതിയെക്കുറിച്ച് ചോദിക്കുകയും, മാട്ടിറച്ചി കഴിക്കുന്നതുമായി ബന്ധപ്പെടുത്തി കളിയാക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നുണ്ട്. ഇതിനു പിന്നാലെ ക്ലാസിലെ സഹപാഠികൾ കുട്ടിയോട് സംസാരിക്കാതെ സാമൂഹികമായി അകറ്റി നിർത്തി.
തുടർന്ന് രണ്ട് സഹപാഠികൾ സ്ഥിരമായി ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്ന കാര്യം പ്രധാനാധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ശേഷമാണ് പൊലീസ് കേസെടുക്കാൻ പോലും തയാറായത്.
കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രക്ഷിതാക്കളും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. തുടർന്ന് ഇന്നലെ സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിക്കാൻ ശ്രമം നടന്നു.
നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ബന്ധുക്കൾ സമരത്തിൽ ഉറച്ചുനിന്നു. തുടർന്ന് സ്കൂളിന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

