കൊച്ചി കാക്കനാട് കേന്ദ്രീകരിച്ച് നടന്ന വൻ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ആറു മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി ഒടുവിൽ പിടിയിൽ.
പത്തനംതിട്ട മുത്തൂർ മുളക്കൽ വീട്ടിൽ നീതുവി(38)നെയാണ് തൃക്കാക്കര പൊലീസ് തിരുവല്ലയിൽ നിന്നും പിടികൂടിയത്.
വലിയ തോതിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത കേസിലാണ് നിലവിലുള്ള ഈ അറസ്റ്റ്. സംഭവത്തിൽ 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും ആണ് പൊലീസ് പിടിച്ചെടുത്തിരുന്നത്.
കേസിലെ ഒന്നാം പ്രതിയായ കെവിൻ ബി മാത്യുവിനെ കഴിഞ്ഞ ഏപ്രിൽ 18ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടും മൂന്നും പ്രതികൾ ഒളിവിൽ പോയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിലെ മൂന്നാം പ്രതിയായ വിഷ്ണുവിനെ ഒക്ടോബർ ഒന്നിന് അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ പിടികൂടിയതോടെയാണ് രണ്ടാം പ്രതിയായ നീതുവിനായുള്ള തിരച്ചിൽ പൊലീസ് കൂടുതൽ ശക്തമാക്കിയത്.
അന്വേഷണം വ്യാപിപ്പിച്ചതോടെ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ പ്രദേശങ്ങളിലുമായി ഒളിത്താവളങ്ങൾ മാറി മാറി താമസിച്ചു വരികയായിരുന്നു നീതുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മാസങ്ങൾ നീണ്ട
തീവ്ര അന്വേഷണത്തിനൊടുവിൽ പ്രതി തിരുവല്ലയിൽ വാടക വീടെടുത്ത് രഹസ്യമായി കഴിയുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് പ്രതിയെ വളഞ്ഞ് പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചത്.
തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

