കേരളത്തിന്റെ നിയുക്ത ഗവർണർ ഓംപ്രകാശ് മാഥുർ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. സ്നേഹവും സൗഹാർദവും നിറഞ്ഞ ഈ മണ്ണിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് അദ്ദേഹം ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി.
പ്രകൃതിയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ മഹിമയും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തലസ്ഥാനത്തെത്തിയ നിയുക്ത ഗവർണറെ സ്വീകരിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും മേയറും ഉൾപ്പെടെയുള്ള പ്രമുഖർ തിരുവനന്തപുരം വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ 29-ാമത് ഗവർണറായി ഓംപ്രകാശ് മാഥുർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. ഉച്ചയ്ക്ക് 12നും 12:30നും ഇടയിൽ രാജ്ഭവനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ തമിഴ്നാട് ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥുർനെ പുതിയ കേരള ഗവർണറായി നിയമിച്ചിട്ടുള്ളത്. രാജസ്ഥാനിലെ പാലി സ്വദേശിയാണ് ഓം പ്രകാശ് മാത്തൂർ.
1972ൽ ആർഎസ്എസ് പ്രചാരകനായി പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, ബിജെപി സംസ്ഥാന അധ്യക്ഷനായും രണ്ട് തവണ രാജ്യസഭാംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന, ദേശീയ തലങ്ങളിൽ വിവിധ സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഓംപ്രകാശ് മാഥുർ.
2024 ജൂലൈയിലാണ് അദ്ദേഹം സിക്കിം ഗവർണറായി നിയമിതനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

