സമൂഹമാധ്യമങ്ങൾ വഴി ജനപ്രതിനിധിയെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിലായി. ആലുവ എംഎൽഎ അൻവർ സാദത്ത് എതിരെയുള്ള സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി സ്വദേശിയായ ജോബി (45) ആണ് ആലുവ സൈബർ ക്രൈം പൊലീസ് പിടിയിലായത്.
ലൈവ് വീഡിയോയിലൂടെയായിരുന്നു പ്രതി എംഎൽഎക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. കവർച്ചാ കേസ് പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണമാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
കവർച്ച കേസിൽ ജയിലിലായിരുന്ന ജോബി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. “പിള്ളേരേ വിട്ട് തീർത്ത് കളയു”മെന്നാണ് ഇയാൾ വീഡിയോയിലൂടെ ഭീഷണി മുഴക്കിയത്.
പ്രാദേശിക കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നെടുമ്പാശ്ശേരി, തൊടുപുഴ, ചെങ്ങമനാട്, ആലുവ തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എ.എസ്.ഐ സലാവുദീൻ, സീനിയർ സി.പി.ഒ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

