ഇറാനുമേൽ വീണ്ടും ആക്രമണം നടത്തുവാൻ യുഎസും ഇസ്രയേലും പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ വർധന. ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.14 ശതമാനം ഉയർന്ന് 112.2 ഡോളറിലെത്തി.
അതേസമയം, അമേരിക്കൻ ക്രൂഡ് ആയ ഡബ്ല്യുടിഐ വില 2.82 ശതമാനം വർധിച്ച് 99.89 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആവശ്യമായ ക്രൂഡോയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി തുടങ്ങിയ ഇന്ധനങ്ങളുടെ വില ഉയരുന്നതിനും ഇത് ഇടയാക്കും. ഇത് പണപ്പെരുപ്പം വർധിക്കുന്നതിനും കാരണമാകും.
പണപ്പെരുപ്പം ഉയർന്നാൽ അത് നിയന്ത്രിക്കാനായി റിസർവ് ബാങ്ക് വീണ്ടും റീപ്പോ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ഇത് നിലവിൽ ബാങ്ക് വായ്പകൾ എടുത്ത സാധാരണക്കാരുടെ പലിശഭാരം വർധിപ്പിക്കും.
ഇറാനുമേൽ വർഷിക്കാൻ ‘മദർ ഓഫ് ഓൾ ബോംബ്സ്’ (മോബ്) അമേരിക്കയുടെ കൈവശമുണ്ടെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായി ഇറാനും രംഗത്തുവന്നു.
തങ്ങളുടെ കൈവശം ‘ഫാദർ ഓഫ് ഓൾ ബോംബ്സ്’ (ഫോബ്) ഉണ്ടെന്നാണ് ഇറാൻ പ്രതികരിച്ചത്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല.
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദി അറേബ്യയുടെ ഷൈബ എണ്ണപ്പാടം ആക്രമിച്ചെന്ന വാർത്തകളും എണ്ണവില വർധനയ്ക്ക് കാരണമായിട്ടുണ്ട്. ഒരു വിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബങ്ങളോടും സൗദി അറേബ്യയിൽ നിന്നും തിരികെ മടങ്ങാൻ യുഎസ് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളും വിപണിയെ സ്വാധീനിച്ചു.
ഇതിനുപുറമേയാണ് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനുമേൽ പുതിയ ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന വാർത്തകൾ എണ്ണവില വീണ്ടും ഉയർത്തിയത്. ക്രൂഡോയിൽ വിലയിലുണ്ടായ ഈ കുതിപ്പ് ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത തിരിച്ചടിയുണ്ടാക്കി.
എണ്ണക്കമ്പനികൾ, പെയിന്റ് നിർമാതാക്കൾ, ടയർ കമ്പനികൾ, വ്യോമയാന കമ്പനികൾ എന്നിവയുടെ ഓഹരികളാണ് പ്രധാനമായും സമ്മർദ്ദത്തിലായത്. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലേക്ക് എത്തിയപ്പോൾ സെൻസെക്സ് 412 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 73,300 ലും നിഫ്റ്റി 182 പോയിന്റ് അഥവാ 0.80 ശതമാനം നഷ്ടത്തോടെ 22,651 ലുമാണ് വ്യാപാരം തുടരുന്നത്.
ഡിസംബറിലെ റിസർവ് ബാങ്ക് നയപ്രഖ്യാപനത്തിൽ അടിസ്ഥാന പലിശനിരക്ക് വർധിച്ചേക്കുമെന്ന സാധ്യത, ആഗോള ഓഹരി വിപണികളിലെ മാന്ദ്യം, അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ തളർച്ച (12 പൈസ കുറഞ്ഞ് 94.50 ആയി) തുടങ്ങിയ ഘടകങ്ങളും വിപണിക്ക് തിരിച്ചടിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

