സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത തകർച്ച. ഇറാനിലെ സ്ഫോടനങ്ങളും മൂലം ക്രൂഡോയിൽ വില കുതിച്ചുയരുന്നതാണ് വിലയിടിവിന് പ്രധാന കാരണം.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4141 ഡോളറിൽ നിന്ന് 4090 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതിന്റെ പ്രതിഫലനം കേരള വിപണിയിലും ശക്തമായി പ്രകടമായിട്ടുണ്ട്.
ഇന്ന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയാണ് കേരളത്തിലെ നിരക്ക്. പവന് 1240 രൂപ കുറഞ്ഞ് വില 1,05,880 രൂപയായി താഴ്ന്നു.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈമാസം 10ന് 1,11,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
എന്നാൽ ഇതിനുശേഷമുള്ള ദിവസങ്ങളിൽ ആകെ 5160 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 3 ദിവസത്തെ മാത്രം ഇടിവ് 2680 രൂപയാണ്.
ഈ വിപണി പ്രവണത തുടരുകയാണെങ്കിൽ പവൻവില വൈകാതെ ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തരവില 4000 ഡോളറിനു താഴെ എത്തിയാൽ ആ ഇടിവ് 3900 ഡോളറിലേക്കും നീളാമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
അങ്ങനെയെങ്കിൽ പവൻവിലയിൽ 2500 രൂപയുടെ കുറവുണ്ടായേക്കാം. ക്രൂഡോയിൽ വിലക്കുതിപ്പ് സൃഷ്ടിക്കുന്ന പണപ്പെരുപ്പം, പലിശനിരക്ക് വർധന എന്നിവ സംബന്ധിച്ച ആശങ്കകൾ ഡോളറിനും യുഎസ് ബോണ്ട് യീൽഡിനും കരുത്ത് പകരുന്നുണ്ട്.
ഇത് സ്വർണവിലയിൽ കൂടുതൽ ഇടിവുകൾക്ക് വഴിയൊരുക്കിയേക്കാം. കൂടാതെ, ഇന്ത്യൻ രൂപ ഡോളറിനെതിരെ നടത്തുന്ന മുന്നേറ്റവും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്. ഈമാസം പലിശനിരക്ക് കൂട്ടാനിടയില്ലെങ്കിലും ഡിസംബറിൽ കൂട്ടാനുള്ള സാധ്യത കാണുന്നുണ്ട്.
ഇത് ഭാവിയിൽ സ്വർണവില കൂടുതൽ താഴെയെത്തുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. അതേസമയം, പശ്ചിമേഷ്യയിലെയും യുക്രെയ്ൻ, റഷ്യ എന്നിവ തമ്മിലെയും സംഘർഷങ്ങൾക്ക് ശമനമുണ്ടാവുകയും ക്രൂഡോയിൽ വില താഴുകയും ചെയ്താൽ രാജ്യാന്തര സ്വർണവില 4200 ഡോളറിന് മുകളിലേക്ക് തിരിച്ചെത്തിയേക്കാം.
അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില വീണ്ടും 1.10 ലക്ഷം രൂപ കടന്ന് ഉയരും. വിപണിയിലെ ഇന്നത്തെ മാറ്റങ്ങളുടെ ഭാഗമായി 18 കാരറ്റ് സ്വർണവില ഗ്രാമിന് 135 രൂപ കുറഞ്ഞ് 10,835 രൂപയായി.
വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 225 രൂപയിലുമെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

