ഒറ്റപ്പാലം, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മൂന്നിടങ്ങളിൽ പാളത്തിന് മുകളിൽ കോൺക്രീറ്റ് സ്ലാബും പാളത്തിന്റെ കഷണവും ചാക്കിൽ കട്ടപിടിച്ച നിലയിലുള്ള സിമന്റും കണ്ടെത്തിയ സംഭവത്തിൽ ഒരാളെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടി. ബിഹാർ സ്വദേശി ഷുക്ലാൽ മറിയയെ (25) ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
ജോലിയില്ലാത്തതിന്റെ വിഷമത്തിലാണ് ഈ കൃത്യം ചെയ്തതെന്നാണ് പ്രതിയുടെ മൊഴിയെങ്കിലും, യുവാവിന് യാതൊരുവിധ മാനസികപ്രശ്നങ്ങളും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ മാന്നനൂരിൽ രണ്ടിടത്തും കാരക്കാട്ട് എ കാബിൻ പരിസരത്തുമാണ് പാളത്തിൽ അപകടകരമായ രീതിയിൽ വസ്തുക്കൾ കണ്ടെത്തിയത്.
രാവിലെ ഒൻപതരയോടെ മാന്നനൂരിനു സമീപം റെയിൽവേ സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ജീവനക്കാരാണ് ആദ്യം കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയത്. തുടർന്ന് ഈ വഴി കടന്നുപോയ കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസിലെ ലോക്കോ പൈലറ്റാണു സമീപത്തെ ട്രാക്കിൽ സിമന്റ് ചാക്കു കണ്ട
വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാളത്തിന്റെ കഷണവും കണ്ടെത്തിയത്.
റെയിൽവേ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി നടത്തിയ പരിശോധനകൾക്കും എൻജിനീയറിങ് വിഭാഗം ട്രാക്കിന്റെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയ ശേഷവുമാണ് ഇതുവഴി ട്രെയിനുകൾ കടത്തിവിട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
ട്രെയിൻ പാളം തെറ്റിക്കാനുള്ള ഗൂഢശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആർപിഎഫ് അറിയിച്ചു. എസ്ഐ ബാലസുബ്രഹ്മണ്യം, എഎസ്ഐ ഷാജു തോമസ്, ഇൻസ്പെക്ടർ കെ.
കേശവദാസ്, ആർ. രമേശ്, എഎസ്ഐ ദേവരാജ്, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉണർന്നു പ്രവർത്തിച്ച് ജീവനക്കാർ; ഒഴിവായത് വൻ ദുരന്തം റെയിൽവേ സിഗ്നൽ വിഭാഗത്തിലെ പതിവു ജോലിയുടെ ഭാഗമായാണ് പ്രശോഭും രജിതയും ദുർഗ ജി.മേനോനും മാന്നനൂരിലെ ഡൗൺലൈനിൽ 65ബി പോയിന്റിനു സമീപത്തേക്ക് എത്തിയത്.
ഡൗൺലൈനിലൂടെ നടന്നുപോകുന്നതിനിടെ ദൂരെനിന്നുതന്നെ ട്രാക്കിനു മുകളിൽ എന്തോ അസ്വാഭാവികമായി ഇരിക്കുന്നത് മൂവരുടെയും ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ വേഗത്തിൽ അടുത്തെത്തിയ ഇവർ കണ്ടത് ട്രെയിൻ വലിയ അപകടത്തിൽപെടാൻ സാധ്യതയുള്ള ഭാരമേറിയ കോൺക്രീറ്റ് കഷണമാണ്.
തുടർന്ന് ഏറെ പണിപ്പെട്ട് ഇത് ട്രാക്കിൽ നിന്നും നീക്കം ചെയ്ത ശേഷം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വടക്കാഞ്ചേരി പാർളിക്കാട് പാലത്തിങ്കൽ പ്രശോഭ് (40), തരൂർ ആലിങ്കൽ രജിത (43), അങ്കമാലി മൂക്കനൂർ അമ്പാട്ട് ദുർഗ ജി.മേനോൻ (24) എന്നിവരാണ് റെയിൽവേ സിഗ്നൽ വിഭാഗത്തിലെ ഈ സാങ്കേതിക വിദഗ്ധർ.
ചൊവ്വാഴ്ച രാവിലെ 9.35ന് ആയിരുന്നു മാന്നനൂരിലെ ഈ നിർണായക പരിശോധന. റപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് ഇവർ പരിശോധനയ്ക്കായി ഇറങ്ങിയത്.
ഈ ട്രെയിൻ കടന്നുപോയ ശേഷമാകും ട്രാക്കിൽ തടസ്സങ്ങൾ വെച്ചതെന്നാണ് കരുതുന്നത്. പിന്നാലെ ബോക്കാറോ എക്സ്പ്രസ് ഇതുവഴി പോകാനിരിക്കെയാണ് ജീവനക്കാരുടെ ജാഗ്രതയിൽ വൻ ദുരന്തം വഴിമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

