സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ മഴ കനത്തു. വൈകുന്നേരങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 24 വരെ യെലോ അലർട്ടും 25-ാം തീയതി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭേദപ്പെട്ട
മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച കണക്കുകൾ പ്രകാരം ഉടുമ്പൻചോല താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്; 115 മില്ലിമീറ്റർ.
കൂടാതെ തൊടുപുഴ താലൂക്കിൽ 29 മില്ലിമീറ്ററും പീരുമേട്ടിൽ 15.4 മില്ലിമീറ്ററും മഴ പെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ കാലവർഷക്കമ്മി വലിയ ആശങ്ക സൃഷ്ടിച്ചിരുന്ന കാർഷിക മേഖലയ്ക്ക് തുലാവർഷത്തിലെ ഈ മഴ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
മുൻപ് ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ജില്ലയിൽ 47 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്ന 2574.3 മില്ലിമീറ്റർ മഴയ്ക്ക് പകരം 1373.7 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചിരുന്നത്.
മഴ കനത്തതോടെ നെടുങ്കണ്ടം മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയിൽ നെടുങ്കണ്ടം ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
താന്നിമൂടിനു സമീപം മണ്ണിടിഞ്ഞ് ഒരു വീട് ഗുരുതരമായ അപകടാവസ്ഥയിലായി. ചൊവ്വാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴയെത്തുടർന്ന് നെടുങ്കണ്ടം കിഴക്കേക്കവലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി.
മണിക്കൂറുകൾക്ക് ശേഷമാണ് ഇവിടെ ജലനിരപ്പ് താഴ്ന്നത്. കൂടാതെ, കോമ്പയാർ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു.
സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം അപകടാവസ്ഥയിലായതിനെ തുടർന്ന് കുട്ടികളുടെ സുരക്ഷ മുൻനിർത്തി ക്ലാസ് മുറികൾ താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചു. മഴ തുടർന്നതിനെ തുടർന്ന് കല്ലാർ ഡാം തുറക്കുന്നതിന് അനുമതി നൽകിയിരുന്നെങ്കിലും, പരമാവധി സംഭരണ ശേഷി എത്തുന്നതിന് മുൻപ് മഴ ശമിച്ചതിനാൽ ഡാം തുറക്കേണ്ട
സാഹചര്യം ഒഴിവാകുകയായിരുന്നു. കോമ്പയാർ, പാലാർ, തൂക്കുപാലം തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയിൽ നിരവധി വീടുകളുടെ സംരക്ഷണ ഭിത്തികൾ തകരുകയും വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

