റിയാദ്: ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ് രംഗത്ത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി നേരത്തെ തന്നെ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.
യുകെക്ക് പിന്നാലെയാണ് ഫ്രാൻസും പരസ്യ പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇതിനിടെ, സൗദിക്ക് സൈനിക പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഈജിപ്ത് ഭരണകൂടം സൗദി കിരീടാവകാശിക്ക് രഹസ്യ സന്ദേശം കൈമാറിയിട്ടുണ്ട്.
ഗൾഫ് പര്യടനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ഹൂതി ഭീഷണികൾക്കെതിരെ സൗദിക്കൊപ്പം ദൃഢമായി നിലകൊള്ളുമെന്ന് ഉറപ്പുനൽകി. സംഘർഷാവസ്ഥ ഉടലെടുത്തത് മുതൽ പ്രതിരോധ രംഗത്ത് ആവശ്യമായ സൈനികരെയും ആയുധ സാമഗ്രികളെയും വിന്യസിച്ചിട്ടുണ്ടെന്നും ഭാവിയിലും ഈ സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിൽ ആഭ്യന്തര പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ, പ്രകൃതിവാതകം, വിമാന ഇന്ധനം എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന കരാറുകളിലും ഫ്രഞ്ച് പ്രസിഡന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മാക്രോൺ കൂടിക്കാഴ്ച നടത്തി.
ഒമാനൊഴികെയുള്ള പ്രധാന ഗൾഫ് രാജ്യങ്ങളിലെല്ലാം സന്ദർശനം നടത്തിയ ശേഷമാണ് ഫ്രഞ്ച് പ്രസിഡന്റ് സൗദിയിലെത്തിയത്. ഹൂതികളുടെ ആക്രമണത്തിൽ തകർന്ന സൗദിയുടെ കിഴക്കൻ – പടിഞ്ഞാറൻ എണ്ണ പൈപ്പ് ലൈനുകൾ പുനഃസ്ഥാപിക്കുന്നതിലും ഫ്രാൻസ് ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, സൗദിക്ക് സൈനികമായി ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച ഈജിപ്ത്, പ്രത്യേക ദൂതൻ മുഖേന സൗദി കിരീടാവകാശിക്ക് രഹസ്യ സന്ദേശം കൈമാറി. ഈജിപ്ത് പ്രസിഡന്റ് സൗദിക്കുള്ള സൈനിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച് രാജ്യത്തെ പാർലമെന്റിന്റെ ഔദ്യോഗിക അനുമതി ലഭിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

