പാരിസ് നഗരത്തെ പിടിച്ചുക്കുലുക്കിയ കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെച്ച് ബംഗ്ലാദേശ് സ്വദേശിയായ ഹസൻ. പാരിസിൽ സ്വന്തമായി കട
നടത്തിവരികയായിരുന്ന ഹസന്റെ സ്ഥാപനം പ്രതിഷേധക്കാർ പൂർണ്ണമായി അടിച്ചു തകർത്തു. ‘‘പത്തു വർഷം കഷ്ടപ്പെട്ടാണ് ഞാൻ ഇതൊക്കെ ഉണ്ടാക്കിയത്.
എന്നാൽ ഇന്ന് ഇവിടെ ഒന്നും തന്നെ ബാക്കിയില്ല. അവരെന്നെ ശാരീരികമായി ആക്രമിച്ചു, എന്റെ തല വൈൻ കുപ്പി വച്ച് അടിച്ചുപൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി.
എന്റെ കട വിട്ട് ഓടിപ്പോകാൻ ഞാൻ നിർബന്ധിതനായി.
കഴിഞ്ഞ മൂന്നു ദിവസമായി ഞാൻ ഉറങ്ങിയിട്ടില്ല’’, ഹസൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഫ്രാൻസിൽ തുടരുന്ന അക്രമങ്ങളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തത്.
2010-ലാണ് ഹസൻ ഫ്രാൻസിലേക്ക് കുടിയേറുന്നത്. വർഷങ്ങളോളം ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്ത് സ്വരൂപിച്ച പണം ഉപയോഗിച്ച് 2016-ൽ അദ്ദേഹം സ്വന്തമായി ഒരു ടെക്, കുറിയർ ഷോപ്പ് ആരംഭിക്കുകയായിരുന്നു.
മൂന്ന് കുട്ടികളുടെ പിതാവായ ഹസന്റെ സ്ഥാപനത്തിലെ ഫോണുകളും പാഴ്സലുകളും ഉൾപ്പെടെയുള്ള സാധനസാമഗ്രികളെല്ലാം അക്രമികൾ നശിപ്പിച്ചു. ഇനി കടയുടെ വാടകയും ജീവനക്കാരുടെ ശമ്പളവും എങ്ങനെ നൽകുമെന്ന വലിയ പ്രതിസന്ധിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കട അടച്ചിട്ടിരുന്നെങ്കിലും അക്രമികൾ പൂട്ട് തകർത്ത് അകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നെന്ന് ഹസൻ കൂട്ടിച്ചേർത്തു.
‘‘ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സെക്യുരിറ്റി ക്യാമറ ആപ്പിലൂടെയാണ് ഞാൻ അക്രമം കണ്ടത്. മുപ്പതോളം പേരാണ് കടയിലേക്ക് അതിക്രമിച്ചു കയറിയത്.
ഞാൻ അവിടേക്ക് എത്താൻ ശ്രമിച്ചെങ്കിലും അത് പ്രശ്നബാധിത പ്രദേശമാണെന്നു പറഞ്ഞ് പൊലീസ് വഴിയിൽ തടയുകയായിരുന്നു. പിന്നീട് അക്രമകാരികൾ കട
കയ്യേറിയ ചിത്രം ഫോണിൽ കാണിച്ചപ്പോൾ പൊലീസ് പോകാൻ അനുവദിച്ചു. എന്നാൽ അവിടെ എത്തിയപ്പോഴേക്കും ഒന്നും ബാക്കിയുണ്ടായിരുന്നില്ല’’, ഹസൻ പറഞ്ഞു.
കലാപത്തിൽ നഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനിടെ, ഫ്രാൻസിൽ ഉടലെടുത്ത പ്രതിഷേധം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഫ്രാൻസിലെ പ്രതിഷേധത്തിന് കാരണം കുടിയേറ്റമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തള്ളിക്കളഞ്ഞു. വിദേശ ഭരണാധികാരികളുടെ ഇത്തരം അനാവശ്യ പ്രസ്താവനകൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ഫ്രാൻസിലെ കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ എഐ ചിത്രങ്ങൾക്കെതിരെയും മക്രോ രംഗത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

