ശബരിമല സന്നിധാനത്ത് തീർഥാടകർക്കായുള്ള മുറി ബുക്കിങ് പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച. പഴയ സോഫ്റ്റ്വെയറിലെ സാങ്കേതിക പഴുതുകളാണ് കൂട്ട
ബുക്കിങ്ങിന് വഴിതുറന്നത്. ദേവസ്വം ബോർഡിന്റെ ഔദ്യോഗിക പോർട്ടൽ വഴി മുറി ബുക്ക് ചെയ്യുവാൻ ഒരു ഇമെയിൽ വിലാസം മാത്രം മതിയായിരുന്നു എന്ന വ്യവസ്ഥയാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഏജൻസി ഓൺലൈൻ ബുക്കിങ് ആരംഭിച്ച നവംബർ 7-നു തന്നെ വിവിധ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് 22 മുറികൾ ബുക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ബുക്കിംഗിനായി ആകെ ലഭ്യമാക്കിയിട്ടുള്ള 400 മുറികളിൽ 300-ലേറെ എണ്ണത്തിലും സമാനരീതിയിൽ കൂട്ട
ബുക്കിങ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ സംഭവത്തിൽ ദേവസ്വം വിജിലൻസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
മുറികൾ കൂട്ടമായി ബുക്ക് ചെയ്തതായി കണ്ടെത്തിയ ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങൾ തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. 2016-ൽ കെൽട്രോൺ വഴി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ദേവസ്വം ബോർഡിനായി ഈ സോഫ്റ്റ്വെയർ തയ്യാറാക്കിയത്.
എന്നാൽ സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പത്ത് ദിവസത്തിനകം വെബ്സൈറ്റ് പരിഷ്കരിച്ച് എല്ലാ പഴുതുകളും അടയ്ക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഇനി മുതൽ ദർശനത്തിനായി വെർച്വൽ ക്യൂ രജിസ്റ്റർ ചെയ്ത തീർഥാത്തകർക്ക് മാത്രമേ മുറികൾ അനുവദിക്കുകയുള്ളൂ.
കൂടാതെ, മുറി ബുക്ക് ചെയ്യുമ്പോൾ ഒടിപി (OTP) വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഒന്നിലധികം മുറികൾ ഒന്നിച്ച് ബുക്ക് ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ഈ സുപ്രധാന വിവരങ്ങൾ ഉൾപ്പെടുത്തി ശബരിമല സ്പെഷൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതു വഴി ദേവസ്വം ജീവനക്കാരുടെയും മറ്റും നേതൃത്വത്തിൽ മുറികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചു വിൽക്കുന്ന അനധികൃത രീതി ഇത്തവണ പൂർണ്ണമായും തടയാൻ സാധിച്ചതായാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

