ആലപ്പുഴ–ചങ്ങനാശേരി റോഡിൽ (എസി റോഡ്) അപകടങ്ങൾ തുടർക്കഥയാകുന്നതിൽ കടുത്ത ആശങ്കയോടെ പ്രദേശവാസികൾ. റോഡിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനാണ് തുടർച്ചയായ അപകടങ്ങൾക്ക് വേദിയാകുന്നത്.
കഴിഞ്ഞ ദിവസം മങ്കൊമ്പ് മേൽപാലത്തിലുണ്ടായ അപകടത്തിൽ പാതിരാപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. ഇതിന് പുറമെ രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതുൾപ്പെടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം അപകടത്തെ തുടർന്ന് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ട സമയത്ത് ഇതുവഴി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബവും അപകടത്തിൽപ്പെട്ടു.
റോഡിൽ വെച്ച് നിയന്ത്രണം തെറ്റി മറിഞ്ഞ സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
തട്ടാശേരി കാവാലം കെഎസ്ആർടിസി ബസ് അടക്കമുള്ളവ ബ്ലോക്ക് ജംക്ഷനിൽ എത്തിയാണ് തിരിഞ്ഞു പോകുന്നത്. കൂടാതെ, മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷൻ, നെല്ലുഗവേഷണ കേന്ദ്രം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ, ചമ്പക്കുളം ബ്ലോക്ക്– ഗ്രാമ പഞ്ചായത്ത് ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട
ജീവനക്കാരും മറ്റ് യാത്രക്കാരും ഈ ജംക്ഷനെയാണ് ആശ്രയിക്കുന്നത്. മേൽപാലം ഇറങ്ങി 150 മീറ്റർ പിന്നിടുമ്പോൾ എത്തുന്ന ജംക്ഷനിലേക്ക്, പാലം ഇറങ്ങിവരുന്ന പല വാഹനങ്ങളും അമിത വേഗതയിലാണ് എത്താറുള്ളത്.
ഇത് ഈ ഭാഗത്തെ കൂടുതൽ അപകടാവസ്ഥയിലാക്കുന്നു. റോഡിലെ മറ്റു ജംക്ഷനുകളെ അപേക്ഷിച്ചു വീതി കുറവുള്ള ഭാഗം കൂടിയാണിത്.
റോഡിലെ യാത്രാപ്രശ്നങ്ങളെക്കുറിച്ച് ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചത് ഇങ്ങനെയാണ്:
“അശാസ്ത്രീയമായ നിർമാണമാണ് എസി റോഡിൽ അപകടങ്ങൾക്കു കാരണമാകുന്നത്. മഴ പെയ്താൽ വെള്ളം ഒഴുകി മാറാൻ സാധിക്കാത്ത സ്ഥിതിയിലാണു മങ്കൊമ്പ് ബ്ലോക്ക് ജംക്ഷൻ.
പുളിങ്കുന്ന് ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾ എസി റോഡിലേക്കു കടക്കാൻ ജംക്ഷനിൽ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.” – തങ്കച്ചൻ കൂലിപ്പുരയ്ക്കൽ (ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ്) വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

